torus-fire

കൂത്താട്ടുകുളം: പുതുവേലി കാഞ്ഞിരമലയിൽ ടോറസ് ലോറിക്ക് തീപിടിച്ചു. ലോറിയിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ കുറവിലങ്ങാട് സ്വദേശി അഖിൽ ഉടൻ പുറത്തിറങ്ങിയതിനാൽ ജീവാപായം ഉണ്ടായില്ല. ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. തിരുവാർപ്പ് സ്വദേശി കൃഷ്‌ണാലയം കെ.ആർ. അനീഷിന്റെ ഉടമസ്ഥതയിലുള്ള ലോറി പൂവക്കുളത്ത് നിന്ന് ക്വാറി വേസ്റ്റുമായി ആലപ്പുഴയിലേക്ക് പോകുകയായിരുന്നു. കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ശ്യാം മോഹൻ, ജിയാജി കെ. ബാബു, അനൂപ് കൃഷ്ണ, ജിനേഷ്, അരുൺ മോഹൻ, ബേബി, ജയകുമാർ, അബ്രാഹം, ജയിംസ് തോമസ് എന്നിവർ ചേർന്ന് തീയണച്ചു.