മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗത കുരുക്കഴിക്കുവാൻ അത്യന്താപേക്ഷിതമാകുമെന്നും കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്ന പുതിയ ബൈപാസിനായുള്ള നിർദ്ദേശം മന്ത്രി മുഹമ്മദ് റിയാസ് , ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭാ ചെയർമാൻ പി.പി. എൽദോസ് എന്നിവർക്ക് സാമൂഹ്യ പ്രവർത്തകനായ പ്രമോദ്കുമാർ മംഗലത്ത് രൂപരേഖ സഹിതം സമർപ്പിച്ചു. സംസ്ഥാനപാത എസി.എച്ച് 8 ലൂടെ തൊടുപുഴ ഭാഗത്ത്നിന്ന് വരുന്ന വാഹനങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര തുടരാൻ സാഹചര്യമൊരുക്കുന്ന തരത്തിൽ ഏകദേശം 1.4 കിലോമീറ്റർ ദൂരം പ്രതീക്ഷിക്കുന്ന പുതിയ തെക്കൻകോട് ബൈപാസ് നിർദ്ദേശമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. തൊടുപുഴ റോഡിൽനിന്ന് മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് വരുമ്പോൾ നിർമ്മല കോളേജ് കഴിഞ്ഞുള്ളഭാഗത്ത് നഗരസഭാപരിധിയിലുള്ള ലബ്ബക്കടവ് റോഡിലൂടെ പുഴത്തീരത്തെത്തി, പുതിയ പാലം നിർമ്മിച്ച്, തെക്കൻകോട് ഭാഗത്തുള്ള എസ്തോസ് റോഡിനും പള്ളിക്കാവ് റോഡിനും ഇടയിലൂടെ ആരക്കുഴ റോഡ് മുറിച്ചുകടന്ന്, മാടവനക്ഷേത്ര റോഡ് ആരംഭിക്കുന്നഭാഗത്ത് എം.സി റോഡിൽ പ്രവേശിക്കും വിധത്തിലാണ് പുതിയ ബൈപാസ് നിർദ്ദേശം. പത്തിലധികം മീറ്റർ വീതിയുള്ള രണ്ടുവരി പാത മതിയാകുമെന്നതും തൊടുപുഴയാറിലെ താരതമ്യേന വീതികുറഞ്ഞ ഭാഗമായതിനാൽ പരമാവധി 2 സ്പാനിൽ പാലം തീർക്കുവാനും വീടുകൾ ഒഴിവാക്കിയുള്ള സ്ഥലം ഏറ്റെടുപ്പും സാദ്ധ്യമായേക്കുമെന്നതും അനുകൂല ഘടകങ്ങളാണ്. ബൈപാസ് യാഥാർത്ഥ്യമായാൽ എറണാകുളം, തൃശൂർ, മൂന്നാർ ഭാഗങ്ങളിലേയ്ക്കും പോകുന്നവർക്ക് ഗതാഗത കുരുക്കിൽപ്പെടാതെ യാത്രചെയ്യാനാകുമെന്ന് പ്രമോദ് കുമാർ പറഞ്ഞു.