
ആലുവ: രക്തദാതാവായി ബീനയെത്തിയതോടെ ആലുവ ബ്ലഡ് ബാങ്കിലെ ആറു വർഷമായി ഉപയോഗമില്ലാതിരുന്ന പ്ലേറ്റ്ലെറ്റ് വേർതിരിക്കുന്ന യന്ത്രം പ്രവർത്തനത്തിനൊരുങ്ങുന്നു. രക്തദാതാക്കൾ പിന്തിരിഞ്ഞതോടെ നേരിട്ട് പ്ലേറ്റ്ലെറ്റുകൾ വേർതിരിക്കുന്ന ഉപകരണം പ്രവർത്തിപ്പിക്കാനായിരുന്നില്ല. ഇതോടെ ബ്ലഡ് ബാങ്കിലെ ടെക്നീഷ്യനായ കെ.ആർ. ബീന മുന്നോട്ട് വരികയായിരുന്നു. 10 ന് ആദ്യപരീക്ഷണം നടക്കും.
ദാതാവിൽനിന്ന് നേരിട്ട് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന പ്ലേറ്റ്‌ലെറ്റ് ഫെറേസിസ് ലൈസൻസ് 2018 ലാണ് ആലുവ ബ്ലഡ് ബാങ്കിന് ലഭ്യമായത്. 20 ലക്ഷം രൂപ മുടക്കി യന്ത്രവും സ്ഥാപിച്ചു. എന്നാൽ രക്തം നൽകുന്നയാൾ രണ്ട് മണിക്കൂർ ചെലവഴിക്കണമെന്നതും പ്ലേറ്റ്‌ലെറ്റ് എടുത്ത ശേഷം രക്തം തിരികെ പമ്പ് ചെയ്യുമെന്നതും ദാതാക്കളെ അകറ്റി നിറുത്തി.
കൊവിഡ് കാലത്ത് മെഡിക്കൽ കോളേജുകളിലും സംവിധാനം നിലവിൽ വന്നിരുന്നു. 1999 മുതൽ ആലുവ ബ്ളഡ് ബാങ്കിൽ ടെക്നീഷ്യനായ ബീന നേരിട്ട് പ്ലേറ്റ്‌ലെറ്റുകൾ നൽകാൻ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എൻ വിജയകുമാറിനോട് സന്നദ്ധത അറിയിക്കുകയായിരുന്നു. 16 തവണ രക്തദാനം ചെയ്തിട്ടുണ്ടെന്ന് ബീന 'കേരളകൗമുദി’യോട് പറഞ്ഞു.
ആലുവ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന പരേതനായ ഉളിയന്നൂർ സ്വദേശി അനിൽകുമാറിന്റെ ഭാര്യയാണ്. മൂത്തമകൻ അർജുൻ തൃശൂരിൽ പൊലീസ് ക്യാമ്പിലാണ്. മകൾ അഞ്ജന ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു വിദ്യാർത്ഥിനിയാണ്.
കെ.ആർ. ബീനയുടെ മാതൃക പിന്തുടർന്ന് കൂടുതൽ പേർ പ്ലേറ്റ്‌ലെറ്റ് ഫെറേസിസിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോ. എൻ വിജയകുമാർ
മെഡിക്കൽ ഓഫീസർ
ബ്ലഡ് ബാങ്ക് ആലുവ
നാല് യൂണിറ്റ് പ്ലേറ്റുകൾ ലഭിക്കും
രക്തദാനം ചെയ്യുമ്പോൾ ഒരാളിൽ നിന്നും ഒരു യൂണിറ്റ് പ്ളേറ്റ്ലെറ്റാണ് ലഭിക്കുന്നതെങ്കിൽ പുതിയ യന്ത്രത്തിലൂടെ ഒരാളിൽനിന്ന് നാല് യൂണിറ്റ് ലഭിക്കും. സാധാരണരീതിയിൽ രക്തദാനത്തിനുശേഷം രക്തത്തിൽ നിന്ന് പ്ലേറ്റ്ലെറ്റുകൾ വേർതിരിച്ചെടുക്കുകയാണ് പതിവ്. ഫെറേസിസ് പ്രക്രിയയിലൂടെ രക്തത്തിൽ നിന്ന് നേരിട്ട് പ്ലേറ്റ്ലെറ്റുകൾ വേർതിരിച്ചെടുക്കാം.