kv-thomas

ആലുവ: വിധവകളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് പരിഷ്‌കൃതസമൂഹത്തിന്റെ ബാദ്ധ്യതയാണെന്നും സംസ്ഥാന - കേന്ദ്ര സർക്കാരുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും വിധവകൾക്ക് കൃത്യമായി ലഭിക്കാൻ സന്നദ്ധ സംഘടനകൾ സഹായിക്കണമെന്നും കേരളത്തിന്റെ ഡൽഹി പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അഭിപ്രായപ്പെട്ടു.

ആലുവയിൽ ജനശക്തി വിധവാ സംഘം സംഘടിപ്പിച്ച സംസ്ഥാന സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധവകളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ജനശക്തി വിധവാ സംഘം ശക്തമായ ഇടപെടലുകൾ നടത്തണം. ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ വിധവകൾ മുഖ്യധാരയിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഘം അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു. മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരച്ചു.

വിധവകൾക്കായുള്ള ക്ഷേമ പദ്ധതികൾ സർക്കാർ കൂടുതലായി നടപ്പാക്കണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഉമ തോമസ് എം.എൽ.എ പറഞ്ഞു. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ജനശക്തി വിധവാ സംഘം സംസ്ഥാന പ്രസിഡന്റ് ടി.എസ്. മായ അദ്ധ്യക്ഷത വഹിച്ചു.

എൻ.ഡി.എ വൈസ് ചെയർമാൻ കുരുവിള മാത്യൂസ്, ജനശക്തി വിധവാ സംഘം ജനറൽ സെക്രട്ടറി കെ.എസ്. ഹീര, കൊച്ചി നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിൽ, എം.എൻ. ഗിരി, നളിന പ്രഭ, ജോൺ വർഗീസ്, ആലീസ്, ആനി, ഓമന മോഹൻ, വി.ഡി. മജീന്ദ്രൻ, ദേവയാനി, കൗസല്യ രാമൻ എന്നിവർ സംസാരിച്ചു.
11ന് സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.