p

തൃപ്പൂണിത്തുറ: ഓണ ഓർമ്മകൾക്ക് നിറമേകി രാജനഗരിയിലെ വീഥികൾ അത്തച്ചമയ ഘോഷയാത്രയെ വരവേറ്റു. കലാരൂപങ്ങളുംനിശ്ചല ദൃശ്യങ്ങളും മാവേലിയും ചമഞ്ഞിറങ്ങിയതോടെ തൃപ്പൂണി​ത്തുറയുടെ വീഥിയരികിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് ആവേശമായി. സമകാലിക സംഭവങ്ങളും പുരാണങ്ങളും പ്രമേയമാക്കിയ നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ പകിട്ടേറ്റി. പഴയ കാലത്തെ രാജവിളംബരത്തെ അനുസ്മരിപ്പിച്ച് പെരുമ്പറ മുഴക്കി നകാരയും മാവേലി തമ്പുരാനുമെത്തി.

സ്കൂൾ കുട്ടികളുടെ സ്കൗട്ട്സിനും വിവിധങ്ങളായ കലാ സംഘങ്ങൾക്കും പിന്നാലെയെത്തിയ പുലികളി, കരകാട്ടം, പടയണി, ഗരുഡൻ പറവ, കാവടി, ചിന്ത് മേളം കുമ്മാട്ടി, വിവിധങ്ങളായ തെയ്യങ്ങൾ, ബൊമ്മലാട്ടം, കൃഷ്ണനാട്ടം, പുരാണ കഥാപാത്രങ്ങൾ, നാടൻ കലാരൂപങ്ങൾ തുടങ്ങി​യവ കണ്ണുകൾക്ക് വി​രുന്നായി​.

അത്തം ഘോഷയാത്രയുടെ വരവറിയിച്ച് അത്തം നഗറിൽ നിന്ന് വെടിക്കെട്ടിന്റെ ശബ്ദമുയർന്നതോടെ പുതിയ ബസ് സ്റ്റാൻഡ്, സ്റ്റാച്യു, കിഴക്കേക്കോട്ട, പഴയ ബസ് സ്റ്റാൻഡ് റോഡ് എന്നി​വി​ടങ്ങളി​ൽ ജനങ്ങൾ തടിച്ചുകൂടി​.

ഉദ്ഘാടനത്തിന് മുമ്പ് പെയ്ത മഴ ചെറിയ ആശങ്ക പരത്തിയെങ്കിലും കാറ് നീങ്ങിയതോടെ ആനയും മേളക്കൊഴുപ്പും നിറഞ്ഞ സാംസ്കാരിക ഘോഷയാത്രയിൽ ആളുകൾ പങ്കുച്ചേർന്നു

ഗവ. ബോയ്സ്, ഗേൾസ്, സംസ്കൃത സ്കൂളുകൾ, സെന്റ് ജോസഫ്സ് സ്കൂൾ, ഗവ. ആയുർവേദ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും തിരുവാതിര, കഥകളി, തെയ്യം, മാർഗംകളി, ഒപ്പന എന്നീ വേഷങ്ങളണിഞ്ഞ കലാകാരന്മാരുടെ സംഘവും ആവേശം വിതച്ചു.

നാദസ്വരം വാദകർ, തെയ്യം കലാകാരന്മാർ, പഞ്ചവാദ്യം കലാകാരന്മാർ, കാവടിയാട്ടം കലാകാരന്മാർ, പടയണി, പൊയ്‌കളി, ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, മാർഗംകളി, തിരുവാതിര, ദഫ്ഫുമുട്ട് എന്നിവ വീഥികളിലൂടെ ഒഴുകി നീങ്ങി.

 വ്യത്യസ്തമായി നിശ്ചല ദൃശ്യങ്ങൾ

ആട് ജീവിതം, ക്രിസ്റ്റഫർ ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട് ദുരന്തം, ആമചാടി തേവൻ, ഗവ. ആയുർവേദ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡോക്ടറുടെ കൊലപാതകം, ജീസസ് യൂത്ത് എറണാകുളത്തിന്റെ ഫ്ളോട്ട്, ചങ്ങമ്പുഴയുടെ വാഴക്കുല, കാഴ്ചപരിമിതനായ രാംകുമാർ അവതരിപ്പിച്ച നേത്രദാനം എന്നീ നിശ്ചല ദൃശ്യങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.

 ദുരിത ബാധിതർക്ക് ആദരം

അത്തച്ചമയ ഘോഷയാത്രാ സമ്മേളനത്തിൽ വയനാട്ടിലെ ദുരിതബാധിതർക്കായി ആദരവ് അർപ്പിച്ച് ചടങ്ങ് ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. ഫ്രാൻസിസ് ജോർജ് എം.പി അത്ത പതാക ഉയർത്തി. നെട്ടൂർ തങ്ങളും ചെമ്പിലരയനും കരിങ്ങാച്ചിറ കത്തനാരും ചേർന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തതോടെ വർണ്ണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറിൽ നിന്ന് നഗരം ചുറ്റാനിറങ്ങി. വീഥികളിൽ വർണ്ണത്തിന്റെ മഴവില്ല് വിരിയിച്ച് ഉച്ചകഴിഞ്ഞതോടെ തിരിച്ചെത്തി. വൈകിട്ട് കലാസന്ധ്യ സംവിധായകൻ വിഷ്ണു മോഹൻ, നടി നിഖിലാ വിമൽ, നടൻ ഹക്കീം ഷാജഹാൻ, അനുമോഹൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള നടന്നു.