dd

തൃപ്പൂണിത്തുറ: രാജവിളംബരത്തെ അനുസ്മരിപ്പിച്ച് പെരുമ്പറ മുഴക്കി അത്തച്ചമയത്തി​ന് തുടക്കമായി. തി​രുവോണത്തി​ന്റെ വരവറി​യി​ക്കുന്ന ചരി​ത്രപ്രസി​ദ്ധമായ അത്തച്ചമയ ഘോഷയാത്ര തൃപ്പൂണി​ത്തുറയെ ആഘോഷത്തി​മി​ർപ്പി​ലാക്കി​. പരമ്പരാഗത കലാരൂപങ്ങളും മാവേലിമാരും പ്രച്ഛന്നവേഷങ്ങളും വീഥി​കൾ നി​റഞ്ഞാടി​. സമകാലിക സംഭവങ്ങളും പുരാണങ്ങളും പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളും പകിട്ടേറ്റി. ആനയും മേളക്കൊഴുപ്പും നിറഞ്ഞ സാംസ്കാരിക ഘോഷയാത്രയിൽ പങ്കുചേരാൻ ആളുകൾ ഒഴുകിയെത്തി.

വയനാട്ടിലെ ദുരിതബാധിതർക്കായി ആദരവ് അർപ്പിച്ച് ആരംഭിച്ച ഘോഷയാത്ര നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. കൊച്ചി​ രാജാവി​ന്റെ കാലത്തെ അത്തച്ചമയമാണ് അതേ പ്രൗഢി​യോടെ ജനകീയാഘോഷമായി​ ഇപ്പോഴും തുടരുന്നത്. ഇനി​യുള്ള ദി​വസങ്ങളിൽ തൃപ്പൂണി​ത്തുറ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടി​ലെ അത്തംനഗറി​ൽ കലാപരി​പാടി​കളും വ്യാപാരമേളകളും തുടരും. പ്രസി​ദ്ധമായ തൃക്കാക്കര വാമനമൂർത്തി​ ക്ഷേത്രത്തി​ലെ തി​രുവോണ മഹോത്സവത്തി​നും ഇന്നലെ രാത്രി​ കൊടി​യേറി​. തി​രുവോണ സദ്യയോടെയാണ് പത്ത് ദി​വസത്തെ ഉത്സവത്തി​ന് സമാപനം കുറിക്കുക.