
ആലുവ: രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച റോബോട്ടിക് മുട്ട്മാറ്റിവെക്കൽ ശസ്ത്രക്രിയ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തി തൃശൂർ മാജിക് എഫ്.സി യുടെ 24 അംഗ ടീം. സൂപ്പർ ലീഗ് കേരള ടൂർണമെന്റ് മത്സരം ആരംഭിക്കാനിരിക്കെ തൃശൂർ മാജിക് എഫ്.സി ടീമിന്റെ ബസ് രാജഗിരി ആശുപത്രിയിലെത്തിയത് കണ്ട് കാഴ്ചക്കാരൊക്കെയും അമ്പരപ്പിലായി. സി.കെ. വിനീത്, മുൻ ചെന്നൈൻ എഫ്.സി താരം മെയിൽസൺ ആൽവ്‌സ് തുടങ്ങിയ പ്രമുഖ താരങ്ങളായിട്ടാണ് ബസെത്തിയത്. കാര്യം മനസിലായതോടെ സൂപ്പർ താരങ്ങളെ കണ്ട് പലരും മൊബൈലിൽ ചിത്രങ്ങൾ പകർത്തി. ചികിത്സാ രംഗത്ത് വരുന്ന നൂതന രീതികൾ കായിക താരങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് തൃശൂർ മാജിക് എഫ്‌സി ടീം ക്യാപ്റ്റൻ സി.കെ. വിനീത് പറഞ്ഞു. തൃശൂർ മാജിക് എഫ്.സി ടീം അംഗങ്ങൾ, രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി, മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. മുരുകൻ ബാബു, നഴ്‌സിംഗ് ഡയറക്ടർ എലിസബത്ത് ഡേവിഡ് എന്നിവർ ചേർന്ന് ശസ്ത്രക്രിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.