കൊച്ചി: ഉപഭോക്താക്കൾക്കുള്ള പരാതി കേൾക്കാനും പരിഹരിക്കാനുമുള്ള അവകാശം നിഷേധിച്ച പ്രശസ്ത ഷൂ കമ്പനി​യായ അഡിഡാസ് ഇന്ത്യ, ഇടപ്പള്ളിയിലെ കോംഫി ഷൂ മേക്കേഴ്സ് എന്നീ സ്ഥാപനങ്ങൾക്ക് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി 7,500രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും പി​ഴയി​ട്ടു. മുതിർന്ന പൗരനും വിമുക്തഭടനുമായ കൂനമ്മാവ് സ്വദേശി എം.ജെ. മാർട്ടിന്റെ പരാതി​യി​ലാണ് നടപടി​. അധാർമിക വ്യാപാരരീതിയാണ് ഇവർ പിന്തുടരുന്നതെന്നും ഇത് സേവനത്തിലെ ന്യൂനതയാണെന്നും വി​ധി​യി​ൽ പറയുന്നു.

പത്തുവർഷംവരെ യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്ന വാഗ്ദാനം വിശ്വസിച്ചാണ് 14,999 രൂപ വിലയുള്ള ഷൂ പരാതിക്കാരൻ വാങ്ങിയത്. ഏഴുമാസം കഴിഞ്ഞപ്പോൾ ഇടതുഷൂസിന്റെ മുൻഭാഗം പൊളിഞ്ഞുപോയി. ഷോപ്പിലെത്തി പരാതി നൽകിയപ്പോൾ അഡിഡാസിന് ഓൺലൈൻ പരാതി നൽകാനായി​രുന്നു നി​ർദ്ദേശം. ഗ്യാരണ്ടി മൂന്നുമാസത്തേക്ക് മാത്രമാണെന്നും പറഞ്ഞ് അഡി​ഡാസ് പരാതി തള്ളി. ഉപയോഗിച്ചതിന്റെ കുഴപ്പമാണ് കാരണമെന്നാണ് അഡിഡാസ് കോടതിയി​ൽ ബോധിപ്പിച്ചത്. അല്ലെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷൻ വിലയിരുത്തി. "എന്നാൽ പരാതി കേൾക്കാനോ പരിഹരിക്കാനോ അന്തസ്സോടെ പെരുമാറാൻ പോലുമോ ഷോപ്പ് ഉടമ തയ്യാറായില്ലെന്നത് നിർഭാഗ്യകരവും അപലപനീയവുമാണ്. ഇത് വിശ്വാസവഞ്ചന മാത്രമല്ല ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനം കൂടിയാണെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.