bindu

കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ്പ്രഖ്യാപിച്ച ഏഴു മികവിന്റെ കേന്ദ്രങ്ങളിൽ കേരള ഇൻസ്‌റിറ്യൂട്ട് ഒഫ് സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നവേഷൻ (കിസ്ടി) എന്ന കേന്ദ്രം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഓട്ടോണോമസ് കേന്ദ്രമായാണ് കിസ്ടി പ്രവർത്തിക്കുകയെന്നും അവർ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഒഫ് മറൈൻ സയൻസസിൽ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയും എം.എസ്.സി മറൈൻ ജീനോമിക്‌സ് പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

240.97 കോടി രൂപയുടെ പദ്ധതിയുടെ ആദ്യ പടിയായി 35.57 കോടി രൂപ ചെലവിൽ സ്ഥാപിച്ച 29 ഹൈടെക്ക് ഉപകരണങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. നൂതന ലബോറട്ടറി ഉപകരണങ്ങൾക്കായി 149.37 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 91.60 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.

ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ.പി.ജി. ശങ്കരൻ, കൊച്ചി മേയർ എം. അനിൽ കുമാർ, മറൈൻ സയൻസസ് ഡീനും സിൻഡിക്കേറ്റ് അംഗവുമായ പ്രൊഫ. ഡോ.എസ്. ബിജോയ് നന്ദൻ, പരിസ്ഥിതി ശാസ്ത്ര വകുപ്പ് പ്രൊഫ. ഡോ. ശിവാനന്ദൻ ആചാരി, കുസാറ്റ് കിഫ്ബി കോർഡിനേറ്റർ പ്രൊഫ.ഡോ.സജീവൻ. ടി.പി, സ്‌കൂൾ ഒഫ് മറൈൻ സയൻസസ് ഡയറക്ടർ ഡോ.എ.എ. മുഹമ്മദ് ഹത്ത എന്നിവർ സംസാരിച്ചു.