
ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ അശോകപുരം മനയ്ക്കപ്പടി ഏഴാം വാർഡിൽ ഭൂമാഫിയ പാടശേഖരങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. മനയ്ക്കപ്പടി നാല് സെന്റ് കോളനി, കൊടിക്കുത്തുമല ഭാഗങ്ങളിൽ നിലവിൽ കുടിവെള്ളത്തിനായി ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴാണ് അധികൃതരുടെ മൗനാനുവാദത്തോടെയുള്ള പാടം നികത്തൽ. മേഖലയിലെ ജലസ്രോതസുകളായ പാടശേഖരങ്ങൾ നികത്തുന്നതിനെതിരെ ബി.ജെ.പി വില്ലേജ് ഓഫീസർക്ക് പരാതി നൽകി. പ്രത്യക്ഷ സമരം ആരംഭിക്കാനും തീരുമാനിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ, ജന. സെക്രട്ടറി പി.സി. റെജി, എസ്.സി മോർച്ച ജില്ലാ ട്രഷറർ സനീഷ് കളപ്പുരക്കൽ, ജ്യോതിഷ്, എൻ.ബി. വിനൂപ്, സജീഷ് അശോകപുരം എന്നിവർ നേതൃത്വം നൽകി.