mla

നെടുമ്പാശേരി: ഓണത്തെ വരവേൽക്കാൻ ദേശം പുറയാർ ഗാന്ധിപുരത്ത് പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്ത് യുവകർഷകനായ കോഴിപ്പുറത്ത് ഷാജി ആരംഭിച്ച ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് കൃഷി ഭവന്റെ സഹായത്തോടെ ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമാക്കി 3000 ബന്ദിപ്പൂ ചെടികളാണ് നട്ടുപിടിപ്പിച്ചത്. മുന്തിയ വളവും നിരന്തരമായ പരിചരണവും മൂലം മികച്ച രീതിയിലാണ് തോട്ടമാകെ ബന്ദിപ്പൂക്കൾ വളർന്ന് പന്തലിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ സ്വപ്ന തോമസ്, കർഷകൻ ശ്രീജിത്ത് ഷാജി, എം.ജെ. ജോമി, സി.എസ്. അസീസ്, നഹാസ് കളപ്പുരയിൽ, അമ്പിളി അശോകൻ, ദിലീപ് കപ്രശേരി, നൗഷാദ് പാറപ്പുറം, സെബ മുഹമ്മദലി, ടി.വി സുധീഷ്, ലത ഗംഗാധരൻ, ഷാജൻ എബ്രഹാം, കെ.ഇ. നിഷ, ഭാവന രഞ്ജിത്, സെക്രട്ടറി പി.എസ്. നിസമോൾ, പി.എ. മുംതാസ് എന്നിവർ സംസാരിച്ചു. ഓണക്കാലത്തിന് ശേഷവും തോട്ടത്തിൽ നിന്ന് ബന്ദിപ്പൂക്കൾ ചെറിയ തുകക്ക് വിൽപ്പന നടത്തുമെന്നും കർഷകനായ ഷാജി പറഞ്ഞു.