valb

കോലഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായ കാന നിർമ്മാണത്തിന് മാനാന്തടത്ത് റോഡരികിൽ ഉപേക്ഷിച്ച വാൽവ് തടസമാകുന്നു. കൊച്ചി റിഫൈനറി തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിലേയ്ക്ക് വെള്ളമെത്തിക്കാൻ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച് കാലപ്പഴക്കത്താൽ ഉപേക്ഷിച്ച പൈപ്പ് ലൈനിന്റെ ഭാഗമായ കൂറ്റൻ വാൽവാണ് ഇത്. റോഡരികിൽ കിടക്കുന്ന ഈ വാൽവ് വാട്ടർ അതോറിറ്റിയാണ് എടുത്തുമാറ്റേണ്ടത്. എന്നാൽ നാളിതുവരെ വാൽവ് മാറ്റാൻ നടപടിയായില്ല. മൂന്ന് ടൺ ഭാരം വരുന്ന വാൽവ് യന്ത്ര സഹായമില്ലാതെ അവിടെ നിന്ന് അനക്കാൻ കഴിയില്ല. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിന് മുകളിലാണ് ദേശീയ പാത അതോറിറ്റി കാന നിർമ്മാണം പൂർത്തിയാക്കി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകളും തമ്മിൽ ശീതസമരം നിലനില്ക്കുന്നുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ മണ്ണും കല്ലും മാറ്റുന്നതിനിടെ സൈഡിലേക്ക് നീങ്ങി കിടന്ന പൈപ്പ് റോഡിനോട് ചേർന്നായി മാറി. ഇത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. വാൽവ് എടുത്ത് മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.