നെടുമ്പാശേരി: കൊച്ചിയിൽനിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം പത്തരമണിക്കൂറോളം വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നലെ രാവിലെ 9.30നാണ് പുറപ്പെട്ടത്.
യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് കോഴിക്കോടുനിന്ന് മറ്റൊരു വിമാനം എത്തിച്ചാണ് യാത്രയാക്കിയത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നിരവധി തവണയാണ് ഇത്തരത്തിൽ വിമാനം വൈകുന്നത്. സർവീസിന് വേണ്ടത്ര വിമാനമില്ലാത്തതാണ് കാരണം. ഓണക്കാലമായതിനാൽ നിരക്ക് കൂടുമെന്ന് മനസിലാക്കി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് ഏറെയും.