
തോപ്പുംപടി: എൽ.കെ.ജി.വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവിനെ തോപ്പുംപടി പൊലീസ് പിടികൂടി. കണ്ണമാലി പുത്തൻ തോട് മണിയാമുഴി വീട്ടിൽ സച്ചിനെ(29)യാണ് എസ്.ഐ. സിനുലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.സ്കൂളിൽ എത്തിയ പ്രതി കണ്ണമാലി ചെറിയ കടവ് സ്വദേശിയായ കുട്ടിയുടെ പേര് പറഞ്ഞ് അന്വേഷിച്ചു. കുട്ടിയെ പ്രസവിച്ച സമയത്ത് വഴക്കിട്ട പോയ സഹോദരനാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ ടീച്ചർ കുട്ടിയുടെ അമ്മയെ ഫോൺ ചെയ്ത് അന്വേഷിച്ചപ്പോൾ അത്തരം ഒരു സഹോദരനില്ലെന്ന് അറിഞ്ഞു. തുടർന്ന് കുട്ടി അവിടെ പഠിക്കുന്നില്ലെന്ന് ടീച്ചർ പറഞ്ഞതോടെയാണ് ഇയാൾ പോയത്. തുടർന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത തോപ്പുംപടി പൊലീസ് സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻ മോൻ, രൂപേഷ്, തൻവീർ, സിബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.