
മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കടലിൽ കാണാതായി. മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ തൊഴിലാളി തമിഴ്നാട് കന്യാകുമാരി കുളച്ചൽ മാതാ കോളനിയിൽ കാർലോസിന്റെ മകൻ മരിയ ഹെൻട്രി(62)യെയാണ് കാണാതായത്. തൃശൂർ അഴീക്കോട് തീരത്ത് നിന്ന് 34 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം. മുനമ്പം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന ബോട്ടിൽ കഴിഞ്ഞ മാസം 20 നാണ് മരിയ ഹെൻട്രി ഉൾപ്പെടെ പന്ത്രണ്ടംഗ സംഘം മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. 31 ന് ഏഴരയോടെയാണ് ഇയാളെ കാണാതായത്. തീര സംരക്ഷണ സേനയും കോസ്റ്റൽ പൊലീസും മറ്റ് മത്സ്യബന്ധന ബോട്ടുകളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചിൽ തുടരുമെന്ന് അധികാരികൾ അറിയിച്ചു.