
കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലുമാണ് കോൺക്ലേവ്. ചർച്ചകളും എക്‌സിബിഷനുകളും കോൺക്ലേവിന്റെ ഭാഗമാകും. കുസാറ്റ് ക്യാമ്പസാണ് വേദികളിലൊന്ന്.
കുസാറ്റ് തൃക്കാക്കര ക്യാമ്പസിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടന്ന ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം സെക്രട്ടറി രാജൻ വർഗീസ്, ഡോ. ആശാലത, ശ്രീ നാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. ജഗതിരാജ് തുടങ്ങിയവർ സംബന്ധിച്ചു.