subin

അങ്കമാലി: ഗുണ്ടാസംഘം യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാറ്റുമുഖം അമ്പാട്ട് വീട്ടിൽ അരുൺകുമാർ (36), താബോർ അരണാട്ടുകരക്കാരൻ വീട്ടിൽ ജിനേഷ് (40), കൊരട്ടി അടിച്ചിലി കിലുക്കൻ വീട്ടിൽ സിവിൻ (33) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രധാന പ്രതികളായ സതീഷും മറ്റു രണ്ട് പേരും ഒളിവിലാണ്. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടിൽ പരേതനായ ബാബുവിന്റെയും ജലജയുടെയും മകൻ രഘു (35) ആണ് ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചത്. രഘുവിന്റെ മൃതദേഹം കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൂലേപ്പാറ ശ്മശാനത്തിൽ സംസ്‌കാരം നടത്തി.

ശ്വാസനാളം പൊട്ടി,​ തലയിൽ ആന്തരിക രക്തസ്രാവം

അതിക്രൂര മർദ്ദനമാണ് രഘുവിന് ഏൽക്കേണ്ടി വന്നതെന്ന് പോസ്റ്റുമാ‍ർട്ടം റിപ്പോ‍ർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു. തലയിലെ ആന്തരിക രക്തസ്രാവവും ശ്വാസനാളത്തിലെ പൊട്ടലുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പുറത്ത് അടിയേറ്റതിന്റെ അറുപതോളം പാടുകളുണ്ട്. അടിയേറ്റതിനെ തുടർന്നാണ് തലയിൽ ആന്തരിക രക്തസ്രാവമുണ്ടായത്. ശക്തിയോടെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെ തുടർന്ന് ശ്വാസനാളം പൊട്ടി.

ഗുണ്ടാസംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ ശേഷം രഘുവിനെ മുന്നൂർപ്പിള്ളിയിൽ സുഹൃത്ത് സുജിത്തിന്റെ വീടിന് സമീപം രാത്രിയിൽ കൊണ്ടുവന്നിറക്കുകയായിരുന്നു. രഘുവിനെ സുജിത്തിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. നിരവധി കേസുകളിൽ പ്രതിയായ കട്ടിംഗ് സതീഷിന്റെയും കൂട്ടാളികളുടെയും പേരിൽ പൊലീസ് കൊലകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ ഒരു വാടക കെട്ടിടത്തിൽ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു. ഈ ചാരായം രഘുവും കൂട്ടുകാരും കടത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. രഘുവിന്റെ രണ്ട് സുഹൃത്തുകളെ നേരത്തെ തട്ടികൊണ്ടുപോയി മർദ്ദിച്ചിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. ഇതിലൊരാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടിൽ നിന്ന് പഴയ രണ്ട് എയർഗണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുഖ്യപ്രതി സതീഷ് സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.