changampuzha

കൊച്ചി: കൊച്ചി നഗരത്തിന്റെ സായന്തനങ്ങൾക്ക് കലാ, സാഹിത്യ, സാംസ്കാരിക പ്രഭ പരത്തിയിരുന്ന ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് സെപ്തംബർ 12ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തുറന്നു നൽകും. തുടർന്ന് ഒരാഴ്ച ഓണത്തിനിടെ പ്രമുഖരുടെ കലാ, സാംസ്കാരിക പരിപാടികൾ സെപ്തംബർ 20 വരെ തുടരും.

പാരീസ് ലക്ഷ്മിയുടെ നൃത്തം, ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി, കലാഭവന്റെ ഗാനമേള, ശ്രീവത്സൻ മേനോന്റെ സംഗീതപ്രഭാഷണം, സംസ്ഥാന അവാർഡ് ലഭിച്ച മണികർണിക നാടകം, പ്രമുഖരെത്തുന്ന ദുര്യോധനവധം കഥകളി തുടങ്ങിയ പരിപാടികളാണ് അരങ്ങേറുക.

ഉദ്ഘാടന ചടങ്ങി​ൽ മന്ത്രി​ പി​.രാജീവ്, മേയർ അഡ്വ. എം.അനി​ൽകുമാർ, ചീഫ് സെക്രട്ടറി​ ശാരദ മുരളീധരൻ, പ്രൊഫ.എം.കെ.സാനു, ജി​.സി​.ഡി​.എ. ചെയർമാൻ കെ.ചന്ദ്രൻപി​ള്ള, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം മുൻ പ്രസിഡന്റ് കെ.ബാലചന്ദ്രൻ തുടങ്ങി​യവർ പങ്കെടുക്കും.

ജനകീയ പാർക്ക്

അനശ്വര കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മനാട്ടിൽ 1977ൽ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് ചങ്ങമ്പുഴ പാർക്ക് ഉദ്ഘാടനം ചെയ്തത്.

പതിറ്റാണ്ടുകളായി ദിവസവും മുടങ്ങാതെ കലാ, സാംസ്കാരിക പരിപാടികൾ ഇവിടെ അരങ്ങേറുന്നുണ്ട്.

സൗജന്യമായി വേദി ലഭിക്കുമെന്നതും ഏതുപരിപാടിക്കും നിറഞ്ഞ സദസും ചങ്ങമ്പുഴ പാർക്കിനെ ജനകീയമാക്കി.

• 4.24 കോടി രൂപ ചെലവഴിച്ചാണ് വിശാലകൊച്ചി വികസന അതോറിറ്റി പാർക്കിന്റെ നവീകരണം പൂർത്തീകരിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്ട്‌സ് എറണാകുളം കേന്ദ്രത്തിന്റെ രൂപകല്പനയിൽ കൊച്ചി സ്മാർട്ട് മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെ പാർക്ക് നവീകരിച്ചത്.

ഉദ്ഘാടന കലാപരിപാടികൾ

സെപ്തംബർ 12 - 20

• 12ന് 6.30 : പാരീസ് ലക്ഷ്മിയുടെ ഭരതനാട്യക്കച്ചേരി​

• 13ന് 6.30 : തിരുവനന്തപുരം സൗപർണികയുടെ മണികർണ്ണിക നാടകം

• 16ന് 5.00 : ശ്രീവത്സൻ മേനോന്റെ പ്രഭാഷണം

• 16ന് 6.00 : ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി

• 17ന് 6.30 : സോർബ ദി ഗ്രീക്ക് സിനിമാ പ്രദർശനം, ചർച്ച

• 18ന് 5.30 : ദുര്യോധനവധം കഥകളി

• 19ന് 6.00 :കലാമണ്ഡലം പ്രഭാകരന്റെ ഓട്ടൻതുള്ളൽ, പ്രഭാഷണം

• 19ന് 7.00 : നാടകം: ഒരു ദേശം ചരി​ത്രമെഴുതുന്നു

• 20ന് 6.00 : കൊച്ചി​ൻ കലാഭവന്റെ ഗാനമേള