padam
ജർമ്മൻ കമ്പനിക്കായി കൊച്ചി കപ്പൽശാല നിർമ്മിച്ച് കപ്പലുകൾ

കൊച്ചി: കപ്പൽ നി​ർമ്മാണത്തി​ൽ രാജ്യത്തിന്റെ ഖ്യാതി യൂറോപ്പിലേക്കും വ്യാപിപ്പിച്ച് കൊച്ചി കപ്പൽശാല. ജർമ്മൻ കമ്പനിക്കായി നിർമ്മിച്ച രണ്ടു കപ്പലുകൾ ഇന്നലെ നീറ്റിലിറക്കി. ആറു മാസത്തിലേറെ നീളുന്ന പരീക്ഷണങ്ങൾക്ക് ശേഷം ഇവ ജർമ്മനിയിലേക്ക് പോകും. സാങ്കേതിക രംഗത്ത് ലോകശക്തി​യായ ജർമ്മനി കൊച്ചി​യി​ൽ കപ്പൽ നി​ർമ്മി​ച്ചത് ഇന്ത്യൻ മികവിനുള്ള അംഗീകാരമാണ്. ജർമ്മൻ കമ്പനി അധികൃതരും ചടങ്ങിനെത്തി​യി​രുന്നു.

ജർമ്മനിയിലെ ഉൾനാടൻ ചരക്കുഗതാഗത ശൃംഖലയിലെ പ്രമുഖരായ എം.എസ്.എച്ച്.എസ് സർവീസ് ജി.എം.ബി.എച്ച് ആൻഡ് കോ കെ.ജി കമ്പനി 2023ലാണ് എട്ട് കപ്പലുകൾ നിർമ്മിക്കാൻ ഓർഡർ നൽകിയത്. രണ്ടെണ്ണത്തി​ന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

40ലധികം കമ്പനികളുടേതായി 3000 ഉൾനാടൻ ചരക്കുകപ്പലുകളാണ് ജർമ്മനിയി​ലുള്ളത്. പ്രതിവർഷം 230 ദശലക്ഷം ടൺ ചരക്കുകൈമാറ്റം. ഈ മേഖലയിലേക്ക് ആദ്യമായാണ് ഇന്ത്യൻ നിർമ്മിത കപ്പലുകൾ എത്തുന്നത്. ഇന്ത്യയി​ലെ വി​വി​ധ കപ്പൽശാലകളിൽ 16 കപ്പലുകൾ ജർമ്മനിക്കായി നി​ർമ്മിക്കുന്നുണ്ട്.

 7000ടൺ

തണുത്തുറഞ്ഞ ജലാശയങ്ങളി​ലും സുഗമമായി സഞ്ചരി​ക്കുന്ന 'ഐസ് ക്ലാസ് വെസൽസ്' ആണ് ഈ കപ്പലുകൾ. 110 മീറ്റർ നീളവും 16.5 മീറ്റർ വീതിയും. 7000 ടൺ ഭാരം വഹിക്കുന്ന ബൾക്ക് കാരി​യറുകൾ.

 ഒന്നി​ന് 580 കോടി
ഒരു കപ്പലി​ന് 580 കോടി രൂപയാണ്. അടുത്ത മാർച്ചോടെ മറ്റ് കപ്പലുകളും നീറ്റിലറങ്ങും.

 രണ്ട് യുദ്ധക്കപ്പലുകൾ

നാളെ നീറ്റിലിറങ്ങും

നാവിക സേനയ്‌ക്കായി കൊച്ചി കപ്പൽശാല നിർമ്മിച്ച രണ്ട് അന്തർവാഹിനി വേധ കപ്പലുകൾ കൂടി നാളെ നീറ്റിലിറങ്ങുന്നതോടെ ആഴക്കടലിൽ രാജ്യം കൂടുതൽ സൈനിക കരുത്താർജിക്കും. അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലുകളുടെ നീളം 78 മീറ്ററും വീതി​ 11.36 മീറ്ററുമാണ്. വേഗത 25 നോട്ട്. കഴിഞ്ഞ നവംബറിൽ ഐ.എൻ.എസ് മാഹി, ഐ.എൻ.എസ് മാൽവൻ, ഐ.എൻ.എസ് മാംഗ്രോൾ എന്നിങ്ങനെ മൂന്ന് കപ്പലുകൾ നീറ്റിലിറക്കിയിരുന്നു.