palli

കിഴക്കമ്പലം: അൽപ്പം വൈകിയെങ്കിലും പിറന്ന മണ്ണിൽ ഒളിമ്പ്യൻ ശ്രീജേഷിന് ആദരം. ശ്രീജേഷിനോടുള്ള സ്നേഹ സൂചകമായി പ്രഖ്യാപിച്ച പള്ളിക്കര ശ്രീജേഷ് സ്റ്റേഡിയമെന്ന സ്വപ്നത്തിനാണ് ചിറകുമുളയ്ക്കുന്നത്.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയുടെ പ്രത്യേകാനുമതി നൽകി സർക്കാർ ഉത്തരവായി. ഒളിമ്പിക്‌സിൽ തുടർച്ചയായി രണ്ട് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രജേഷിന് പിറന്ന നാട്ടിൽ അവഗണന സംബന്ധിച്ച കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഒരു പതിറ്റാണ്ടായി നിർമ്മാണം നിലച്ച സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി നാളിതുവരെ എൻ.ഒ.സി നൽകിയിരുന്നില്ല. സ്റ്റേഡിയ നിർമ്മാണം നാലു തൂണുകളിൽ ഒതുങ്ങിയത് നാടിന് കളങ്കമായി മാറുന്ന ഘട്ടത്തിലാണ് എം.എൽ.എ ഫണ്ട് അനുവദിക്കുന്നതിന് അനുമതി നൽകിയത്. 25 ലക്ഷം രൂപ അനുവദിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയിരുന്നതാണ്. 2014 ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം ജയിച്ചപ്പോൾ ശ്രീജേഷിനു കുന്നത്തുനാട് പഞ്ചായത്ത് നൽകിയ സ്വീകരണച്ചടങ്ങിൽ അന്നത്തെ സ്‌പോർട്‌സ് മന്ത്റി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കുന്നത്തുനാട് പഞ്ചായത്തിൽ സ്​റ്റേഡിയം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.

ആദ്യ ഘട്ടത്തിൽ സ്‌​റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് നിലവിൽ പള്ളിക്കര സ്‌പോർട്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വോളിബാൾ പരിശീലനം നടക്കുന്ന പള്ളിക്കരയിലെ മൈതാനം തിരഞ്ഞെടുത്തു. പള്ളിക്കര മാർക്ക​റ്റിനു സമീപം നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചു. പണി തുടങ്ങിയ ശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചതോടെയാണ് പണി നിലച്ചത്.

 പദ്ധതി

98.50 ലക്ഷം മുടക്കി നിർമ്മാണം. പഞ്ചായത്ത് ഫണ്ട്, എം.എൽ.എ ഫണ്ട്, കൊച്ചി ബി.പി.സി.എൽ എന്നിവിടങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കും

പാതിവഴിയിൽ പണി നിലച്ച സ്റ്റേഡിയത്തിന്റെ റൂഫിംഗ്, പെയിന്റിംഗ് ഉൾപ്പടെ പൂർത്തിയാക്കി പൂർണമായും നവീകരിക്കും.

ടെൻഡർ നടപടികൾ പൂർത്തിയായി അടിയന്തരമായി നിർമ്മാണം പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഡ്വ. പി.വി. ശ്രീനിജിൻ, എം.എൽ.എ

സ്റ്റേഡിയ നിർമ്മാണം പുനരാരംഭിക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. കുന്നത്തുനാടിന് അഭിമാന മുഹൂർത്തമാണിത്.

സണ്ണി വർഗീസ്, പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് യൂണിറ്റ്