കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും. അഞ്ചു പതിറ്റാണ്ടായി ചലച്ചിത്രലോകത്ത് നിറഞ്ഞു നിൽക്കുന്ന താരത്തിന് ഇന്നലെ 73 തികഞ്ഞു. മകൻ ദുൽഖർ സൽമാനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടി. മകനും കൊച്ചുമകൾ മറിയത്തിനും പിറന്നാൾ കേക്ക് നൽകുന്ന വീഡിയോ ക്ളിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി.
വെള്ളിയാഴ്ച രാത്രി താരത്തിന്റെ കൊച്ചിയിലെ വസതിക്കു മുന്നിൽ ആരാധകർ പതിവുപോലെ തടിച്ചുകൂടിയിരുന്നു. പ്രിയതാരത്തെ നേരിൽക്കണ്ട് പിറന്നാളാശംസകൾ അറിയിക്കാനാകുമെന്ന വിശ്വാസത്തിലായിരുന്ന അവരെ മമ്മൂട്ടി നിരാശപ്പെടുത്തിയില്ല. അവരിൽ ഒരാളുടെ ഫോണിലേക്ക് വീഡിയോ കോളിലൂടെ അദ്ദേഹം ചെന്നൈയിലെ ദൃശ്യങ്ങൾ പങ്കുവച്ചു. ആരാധകർ ഫോണിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
ചലച്ചിത്രപ്രവർത്തകർ നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും മമ്മൂട്ടിക്ക് ആശംസ നേർന്നു. 'ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക' എന്ന അടിക്കുറിപ്പോടൊപ്പം മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോഹൻലാൽ ആശംസ നേർന്നത്.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പഴ്‌സ്' എന്ന ചിത്രത്തിലെ തന്റെ രംഗങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചെന്നൈക്കു പോയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി. പിറന്നാൾ പരിപാടികൾക്കു ശേഷം താരം കുടുംബത്തിനൊപ്പം വിദേശത്തേക്കു പറക്കും. അവധിയാഘോഷത്തിനായി മമ്മൂട്ടി ഇരുപതു ദിവസം വിദേശത്തുണ്ടാകുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.