
കൊച്ചി: പീഡനക്കേസിൽ എം. മുകേഷ് എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം നൽകിയ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്.
ഉത്തരവ് കേസിന്റെ വിചാരണയെപ്പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാകും സർക്കാർ ഹൈക്കോടതിയെ സമീപിക്കുക.
പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ചാണ് രഹസ്യ വാദത്തിന് ശേഷം കോടതി മുൻകൂർജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധമെന്ന സൂചന പരാതിക്കാരിയുടെ മൊഴിയിലില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഉത്തരവിലെ മറ്റു ചില പരാമർശങ്ങളും നിയമപ്രതിസന്ധികൾ സൃഷ്ടിച്ചേക്കും. വിചാരണ വേളയിൽ കണ്ടെത്തേണ്ട കാര്യങ്ങളാണിവയെന്ന് പ്രോസിക്യൂഷൻ പറയുന്നു. അതുകൊണ്ടാണ് സെഷൻസ് കോടതി ഉത്തരവ് അപ്പാടെ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കാനൊരുങ്ങുന്നത്.
മറ്റൊരു പ്രതിയായ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയും സെഷൻസ് കോടതി തീർപ്പാക്കിയിരുന്നു. ഈ ഉത്തരവിൽ വ്യക്തത വരുത്തിയ ശേഷമാകും ബാബുവിന്റെ കേസിലെ തുടർനടപടികൾ.
ശക്തൻ പ്രതിമ രണ്ടാഴ്ചയ്ക്കകം
വച്ചില്ലെങ്കിൽ നിർമ്മിച്ച്
നൽകും: സുരേഷ് ഗോപി
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ രണ്ടുമാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ താൻ പണിതു നൽകുമെന്നു സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എം.പി പറഞ്ഞു. ജൂൺ ഒമ്പതിനാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. പ്രതിമയുടെ പുനർനിർമാണത്തിനുള്ള ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. കൗൺസിൽ അംഗീകാരം നൽകിയാൽ പ്രതിമ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞിരുന്നതായി കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.