നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ആകാശദൃശ്യം ഡ്രോൺ കാമറ ഉപയോഗിച്ച് പകർത്തിയ വ്ളോഗർ കോഴിക്കോട് എടച്ചേരി സ്വദേശി എസ്. അർജുൻ സാബി (24)നെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളവും പരിസരവും ഡ്രോൺ നിരോധിത മേഖലയാണ്. ആഗസ്റ്റ് 26ന് പകർത്തിയ ദൃശ്യങ്ങൾ പ്രതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഡ്രോൺ കാമറയും ദൃശ്യങ്ങളും പിടിച്ചെടുത്തു.

നേവൽ ബേസ്, കപ്പൽശാല, കൊച്ചി തുറമുഖം, കണ്ടെയ്‌നർ ടെർമിനൽ, ഹൈക്കോടതി തുടങ്ങിയ അതീവ സുരക്ഷാ മേഖലകളിൽ അനുമതിയില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പാടില്ല. പ്രതിയെ ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.