കൊച്ചി: ഐ.ഐ.ടി പ്രവേശനം ഉൾപ്പെടെ മത്സരപരീക്ഷകൾക്ക് മികച്ച കോച്ചിംഗ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിൽ വിദ്യാർത്ഥിക്ക് ഫിറ്റ്ജീ എന്ന കോച്ചിംഗ് സ്ഥാപനം 4.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ്. തൃപ്പൂണിത്തുറ സ്വദേശി എസ്. ബിജോയ് ആണ് പരാതിക്കാരൻ. മകൻ കേശവ് ബി. നായർക്കു വേണ്ടി ഫീസിനത്തിൽ ചെലവാക്കിയ തുക തിരികെ നൽകാത്തതിന്റെ പേരിലാണ് കോടതി ഇടപെടൽ.

ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശന പരീക്ഷയ്ക്ക് തയാറെടുത്ത കേശവ്, സ്ഥാപനത്തിന്റെ പരസ്യം കണ്ടാണ് ചേർന്നത്. 4,66,870 രൂപ ഫീസും നൽകി. വാഗ്ദാനം ചെയ്ത നിലവാരം കോഴ്സിനില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഫീസ് തിരികെ ചോദിച്ചെങ്കിലും എതിർകക്ഷി തയ്യാറായില്ല. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ ചേർന്നു. ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

രക്ഷാകർത്താക്കളെ ചൂഷണം ചെയ്യുകയും വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ തകർക്കുകയുമാണ് എതിർകക്ഷികൾ ചെയ്തതെന്ന് കോടതി വിലയിരുത്തി. ഫീസായി അടച്ച തുകയിൽ നിന്ന് 3,66,870 രൂപ തിരിച്ചു നൽകണം. ഒരുലക്ഷം നഷ്ടപരിഹാരമായും 15,000 കോടതി ചെലവായും നൽകണം.