 
കാലടി: സകല മതങ്ങളുടെയും സാരം ഒന്നുതന്നെയായതിനാൽ മതസംഘർഷങ്ങളും മതദ്വേഷവും അർത്ഥശൂന്യമാണെന്ന ശ്രീനാരായണഗുരുവിന്റെ ദർശനമാണ് രാജ്യത്തിന് ഇന്ന് ആവശ്യമെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുസന്ദേശമാണ് ഇന്ത്യയുടെ വിമോചനമന്ത്രമായി മാറേണ്ടതെന്നും ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മ സമീക്ഷ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറുവർഷം മുമ്പ് ഗുരു വിഭാവനം ചെയ്ത സർവമതസാഹോദര്യം ഏറെ പ്രസക്തമായ ലോക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഗുരു സന്ദേശങ്ങളാണ് ജാതിപ്പോരുകൾ ഇല്ലായ്മ ചെയ്യാനുള്ള ഏകപ്രതിവിധിയെന്നും സ്വാമി വ്യക്തമാക്കി. യോഗത്തിൽ ലൈബ്രറി വൈസ് പ്രസിഡന്റ് ജയ പ്രകാശ് ഒക്കൽ അദ്ധ്യക്ഷനായി. എം.ബി. രാജൻ, എൻ.ജെ. രശ്മി, സന്തോഷ് എം. ദിവാകരൻ എന്നിവർ സംസാരിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള പതിനായിരം രൂപയുടെ ചെക്ക് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി സ്വാമി ധർമ്മ ചൈതന്യയിൽ നിന്ന് ഏറ്റുവാങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത സാഹിത്യ വിഭാഗം, എസ്. എൻ.ഡി.പി യോഗം കാലടി ശാഖ, ഗുരുധർമ്മ പഠനകേന്ദ്രം എസ്.എൻ.ഡി.പി ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്. പ്രഭാഷണപരമ്പര 12 ന് സമാപിക്കും.