ആലുവ: നഗരത്തിൽ തിരക്കേറിയ പമ്പ് കവലയിൽ 25 അടിയോളം ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റ് ചെരിഞ്ഞ് അപകട ഭീഷണിയുയർത്തുന്നു. മൂന്ന് മാസം മുമ്പ് ശക്തമായ കാറ്റിൽ ചെരിഞ്ഞ പോസ്റ്റ് സി.സി ടി.വി ക്യാമറ സ്ഥാപിച്ച പത്ത് അടി ഉയരമുള്ള തൂണിൽ കെട്ടി നിർത്തിയിരിക്കുകയാണ്. താത്കാലിക പരിഹാരമെന്ന നിലയിൽ കെട്ടി നിർത്തിയ അധികൃതർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ പോസ്റ്റ് മറിഞ്ഞ് വീഴുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. വാഹനങ്ങളും വഴിയാത്രക്കാരും വ്യാപാരികളും മാത്രമല്ല, രണ്ട് പെട്രോൾ പമ്പുകളും പോസ്റ്റിന്റെ അകലത്തിൽ തന്നെയുണ്ട്. രണ്ടിടത്തായി പ്ളാസ്റ്റിക്ക് കയറിൽ കെട്ടിയാണ് പോസ്റ്റ് നിർത്തിയിരിക്കുന്നത്. പോസ്റ്റ് ഉറപ്പിക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്ന് നഗരസഭ അധികൃതരോട് വ്യാപാരികൾ ആവശ്യപ്പെട്ടു.