h

ചോറ്റാനിക്കര: ചോറ്റാനിക്കര- മുളന്തുരുത്തി പൊതുമരാമത്ത് റോഡിൽ അടിയാക്കൽ പാലത്തിന് സമീപം റോഡിലെ കുഴി കാലനാകുന്നു. കഴിഞ്ഞ ദിവസം ഈ കുഴിയിൽ ബൈക്ക് തെന്നിവീണ് 20കാരന്റെ ജീവൻ പൊലിഞ്ഞു. ഇതേ സ്ഥലത്ത് കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച സ്കൂട്ടർ കാറുമായി കുട്ടിയിടിച്ച് മറിഞ്ഞ് യാത്രികന് പരിക്കേറ്റിരുന്നു. തൊട്ടടുത്ത ദിവസമാണ് കോളേജ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായത്. മഴവെള്ളം കെട്ടി നിൽക്കുന്നതിനാൽ ആഴമറിയാതെ കുഴിയിൽ ചാടുന്നതും ഇരുചക്ര വാഹന യാത്രികർക്ക് കെണിയാകുന്നു.ചോറ്റാനിക്കര -മുളന്തുരുത്തി പൊതുമരാമത്ത് റോഡിന്റെ ഭാഗമായതിനാൽ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയ റോഡാണിത്.

അടിയാക്കൽ പാലത്തിന് സമീപം വെള്ളക്കെട്ട് ഉള്ള പ്രദേശത്ത് ടൈൽസ് (കട്ട) വിരിക്കുന്നതിന്റെ ഭാഗമായി റോഡ് കുത്തി പൊളിച്ചതാണ് പ്രശ്നത്തിന് തുടക്കമായത്. വേഗത്തിലെത്തുന്ന വാഹനം അടുത്ത് എത്തുമ്പോഴാണ് പലരും റോഡിനു കുറുകെയുള്ള കുഴി കാണുന്നത്. കുഴിയിൽ ചാടിയാലും ചാടാതിരിക്കാൻ ബ്രേക്കിട്ടാലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത് അപകടത്തിന് ഇടയാക്കുന്നു.

ജലജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങൾക്ക് മുമ്പ് മെയിൻ റോഡിനരികിൽ കുഴിയെടുത്തിരുന്നു. പൈപ്പ് സ്ഥാപിച്ച് കുഴി മൂടിയെങ്കിലും റോഡ് റീടാറിംഗ് നടത്തി പൂർവസ്ഥിതിയിൽ ആക്കിയില്ല. ഗതാഗതത്തിരക്ക് ഏറിയ റോഡിൽ വാഹനങ്ങൾ തുടർച്ചയായി പോയതോടെ മണ്ണ് ഇളകിമാറി കുഴി രൂപപ്പെട്ടു. മഴയിൽ ഇരുവശത്തുമുള്ള കുഴികളുടെ ആഴം കൂടി.

ചോറ്റാനിക്കര മുളന്തുരുത്തി പൊതുമരാമത്ത് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളേറെയായി. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും അധികാരികൾ നടപടി സ്വീകരിച്ചില്ല. റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണം. ഇല്ലെങ്കിൽ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും.

എൻ.ആ.ർ ജയ്‌കുമാർ

ചോറ്റാനിക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്

റോഡിലെ കുഴി നികത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലവട്ടം പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. കൂടാതെ സി.പി.എം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റിയും പരാതി നൽകിയിരുന്നു. ശബരി പദ്ധതിയിൽപ്പെടുത്തി മണ്ഡലകാലത്തിനു മുമ്പ് റോഡ് ശരിയാക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

എം.ആർ. രാജേഷ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്