ഫോർട്ട് കൊച്ചി: നീണ്ട ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം തകരാറിലായ ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ വെസലിൽ ഒന്നായ സേതുസാഗർ ഒന്ന് സർവീസ് ആരംഭിച്ചു. തകരാർ പരിഹരിച്ച റോ റോ വെസലിന്റെ ട്രയൽ റൺ ഇന്നലെ ഉച്ചയ്ക്ക് നടത്തി. വൈകിട്ട് അഞ്ചോടെയാണ് സർവീസ് ആരംഭിച്ചത്. സ്റ്റിയറിംഗുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് കാർഡിലെ തകരാറാണ് വെസൽ സർവീസ് നിർത്താൻ കാരണമായത്. രണ്ട് റോ റോ വെസൽ സർവീസ് ആരംഭിച്ചതോടെ ഫോർട്ട്കൊച്ചി വൈപ്പിൻ അഴിമുഖ യാത്രാ ക്ളേശത്തിന് പരിഹാരമാകും. ഓണക്കാലമായതോടെ യാത്രാദുരിതം ഏറുമെന്ന ആശങ്കയ്കാണ് ഇതോടെ വിരാമമായത്.
അഴിമുഖത്ത് ഒഴുകി നടക്കുന്ന വലകളും കയറുകളും ചുറ്റി പിടിക്കുന്നതും സർവീസ് നിർത്തി വെക്കുന്നതിന് കാരണമാകുന്നുണ്ട്.ഇത് നീക്കം ചെയ്യാൻ ഫിഷറീസ് അധികൃതർക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതിയുമുണ്ട്. രോ-റോയുടെ കാലപ്പഴക്കവും അവ തകരാറിലാവാൻ കാരണമാകുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.