 എസ്.എസ്.കെയ്ക്ക് ഗംഭീരതുടക്കം

 കൊച്ചിക്ക് ഫുട്ബാൾക്കാലം

കൊച്ചി: ആവേശം.. ആഘോഷത്തിമിർപ്പ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തെ ഇളക്കിമറിച്ച് പ്രഥമ സൂപ്പർ ലീഗ് കേരളയ്ക്ക് വർണാഭമായ തുടക്കം. പാട്ടും മേളവുമായി നിറഞ്ഞ ഉദ്ഘാടനരാവ് കൊച്ചിക്ക് സമ്മാനിച്ചത് കളർഫുൾക്കാഴ്ചകൾ. ഐ.എസ്.എല്ലിനോട് കിടപിടിക്കുന്ന പരിപാടികൾ ഫുട്ബാൾ ആരാധകരുടെ ഹൃദയംകീഴടക്കി.

ഡി.ജെ ശേഖറിന്റെയും റാപ്പർ ഫെജോയുടെയും മാസ്മരിക പ്രകടനത്തോടെയായിരുന്നു പരിപാടികൾക്ക് തുടക്കം. പിന്നാലെ ഡബ്‌സി സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ഹിറ്റ് ഗാനങ്ങളിലൂടെ ഡബ്‌സി സമ്മാനിച്ചത് കിടിലൻ വൈബ്. ചെണ്ടകൊണ്ട് വിസ്മയം തീർക്കുന്ന ആട്ടം സമിതിയും വേദിയിൽ എത്തിയതോടെ ആഘോഷരാവിന് ഹൃദയതാളം മുറുകി.

വിഖ്യാത ഡ്രമ്മർ ശിവമണി, കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസി എന്നിവരുടെ ഒരുമിച്ചുള്ള പെർഫോമൻസും ഒപ്പം ബോളിവുഡ് സൂപ്പർ താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ നൃത്തച്ചുവടുകളും ചേർന്നു.

33 മത്സരങ്ങളുള്ള ലീഗിൽ 6 മത്സരങ്ങളും ഫൈനലും കൊച്ചിയിലാണ്. രണ്ട് പ്രധാന ഫുട്‌ബാൾ ലീഗുകൾക്ക് വേദിയൊരുങ്ങുമ്പോൾ മികവുള്ള കളി കാണാനാവുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം കൊമ്പൻസ് എഫ്‌.സി, കണ്ണൂർ വാരിയേഴ്‌സ് എഫ്‌.സി, കാലിക്കറ്റ് എഫ്‌.സി, തൃശൂർ എഫ്‌.സി എന്നിങ്ങനെയാണ് സൂപ്പർ ലീഗിന്റെ ഉദ്ഘാടന സീസണിൽ പങ്കെടുക്കുന്നത്.

15ന് തിരുവോണ നാളിൽ പഞ്ചാബ് എഫ്‌.സിക്കെതിരെയാണ് ഐ.എസ്.എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. തുടർന്ന് 11 മത്സരങ്ങൾ കൂടി കൊച്ചിയിൽ നടക്കും. മലപ്പുറത്തു നിന്ന് ടൂറിസ്റ്റ് ബസുകളിലാണ് ഫുട്ബാൾ ആരാധകർ കൊച്ചിയിലേക്കെത്തിയത്.