മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പ്ലൈവുഡ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി. ലൈസൻസ് ലഭിച്ചതിന് ശേഷം നിയമ വിരുദ്ധമായാണ് കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് വിഷയം ഉന്നയിച്ച കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ പറഞ്ഞു. വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് തൊഴിൽ, ആരോഗ്യം, പൊലീസ് വകുപ്പുകളെ സമിതി ചുമതലപ്പെടുത്തി. അടുത്ത സമിതി യോഗത്തിൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. തടി വ്യവസായത്തിൽ നിന്ന് വ്യത്യസ്തമായി അപകടകരമായ രാസവസ്തുക്കൾ ഗണ്യമായ അളവിൽ ഉപയോഗിച്ചാണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ വളരെ അടുത്ത നാളുകളിൽ തന്നെ വ്യാപകമായി അനുഭവപ്പെട്ടു തുടങ്ങും. പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ചോ സാദ്ധ്യമായ പാരിസ്ഥിതിക നിയന്ത്രണങ്ങളെക്കുറിച്ചോ വേണ്ടത്ര അവബോധം ഈ കമ്പനികൾക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്ന് സാബു ജോൺ പറഞ്ഞു. കമ്പനികളിൽ തൊഴിൽ എടുക്കുന്നവരിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. വൃത്തിഹീനമായ ക്യാമ്പുകളിലാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത്. അപര്യാപ്തമായ ശുചിമുറി സൗകര്യങ്ങളാണ് മിക്ക ക്യാമ്പുകളിലും ഉള്ളത്. മലേറിയ, ചിക്കൻ പോക്‌സ്, മറ്റ് രോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് ഇത് ഇടയാക്കുന്നുണ്ടെന്ന പരാതിയും സമിതിയിൽ ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി രാധാകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി. ബേബി, കെ.പി. എബ്രഹാം, ആർ.ഡി.ഒ പി.എൻ. അനി, തഹസീൽദാർ രഞ്ജിത് ജോർജ്,​ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.