കുറുപ്പംപടി: നെടുങ്ങപ്ര സഹകരണ ബാങ്കിന് കൺസ്യൂമർ ഫെഡിന് കീഴിലെ ഓണച്ചന്ത അനുവദിക്കാത്തതിൽ പ്രതിഷേധം. പൊതു വിപണയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനമൂലം കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകളെയാണ് സാധാരണക്കാരായ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. പൊങ്ങൻ ചുവട് ഗിരിവർഗ കോളനിവാസികൾ ഉൾപ്പെടെ 14000 ത്തിലധികം അംഗങ്ങളുളള നെടുങ്ങപ്രസഹകരണ സംഘത്തിൽ മുൻ കൊല്ലങ്ങളിൽ രണ്ടും മൂന്നും വിപണികൾ അനുവദിക്കുകയും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ കഴിഞ്ഞ കൊല്ലവും ഇക്കൊല്ലവും ഓണച്ചന്ത അനുവദിച്ചിട്ടില്ല. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ കൺസ്യൂമർ ഫെഡിന് മറ്റ് വിപണികളില്ലാത്തതിനാൽ ഓണച്ചന്ത അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയതായും പ്രസിഡന്റ് സായ് പുല്ലൻ അറിയിച്ചു.