ചോറ്റാനിക്കര: വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവിവിലാസം രഘുനാഥമേനോന്റെ വീട്ടിൽ അവതരിപ്പിച്ച കുചേലവൃത്തം അഭിനയമികവിൽ സദസ്യരെ കണ്ണുകളെ ഈറനണിയിച്ചു.
മുരിങ്ങൂർ ശങ്കരൻപോറ്റി രചിച്ച ആട്ടക്കഥയുടെ സ്ഥായിഭാവം ഭക്തിതന്നെ.
പിശാപ്പിള്ളി രാജീവ് അവതരിപ്പിച്ച കുചേലകഥാപാത്രത്തിന്റെ ചലനങ്ങളും ഭാവവുമെല്ലാം സദസ്യരെ പിടിച്ചിരുത്തുന്നതായിരുന്നു.
സമയപരിമിതിമൂലം കുചേലന്റെ യാത്ര മുതലായിരുന്നു അരങ്ങുണർന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ശ്രീകൃഷ്ണനായും കലാമണ്ഡലം വിപിൻ ശങ്കർ രുക്മിണിയായും അരങ്ങിലെത്തി.
ആലാപനത്തിന്റെ മികവുകൊണ്ട് കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിഷ്ണുവും ശ്രദ്ധേയരായപ്പോൾ ചെണ്ടകൊണ്ട് വിസ്മയം തീർക്കുകയായിരുന്നു കലാമണ്ഡലം ശ്രീവിൻ. മദ്ദളത്തിൽ കലാമണ്ഡലം വിനീത് പിന്തുണ നൽകി.
ഭക്തിഭാവനിറവിൽ സദസ്യരെ ആറാടിക്കുന്ന അജിതാഹരേ എന്ന കുചേലപദമായിരുന്നു അടുത്തത്. കുചേലനോടൊപ്പം കാണികളും ആനന്ദക്കണ്ണീരണിഞ്ഞ നേരം മാധവാ... എന്ന പദം പലഭാവത്തിൽ ഒഴുകിപ്പടർന്ന് മനസലിയിച്ച അനുഭവമായിരുന്നു.