മരട്: നെട്ടൂരിൽ വെള്ളിയാഴ്ച പുലർച്ചെ ലോറിക്ക് പിന്നിലിടിച്ച് തകർന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ മീൻലോറി ഇടിച്ചുകയറി അപകടം. പള്ളിസ്റ്റോപ്പ് പരുത്തിച്ചുവട് പാലത്തിന് മുകളിൽ ഇന്നലെ പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ബസ് രണ്ട് ദിവസമായിട്ടും പാലത്തിൽനിന്ന് നീക്കിയിരുന്നില്ല. മലപ്പുറത്തുനിന്ന് പൊടിക്കാനുള്ള മീനുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല. ബസിന് സമീപം അപായസൂചനകളൊന്നുമുണ്ടായിരുന്നില്ലെന്നും കനത്ത മഴയുണ്ടായിരുന്നതായും ലോറി ഡ്രൈവർ പറഞ്ഞു. ബസ് നീക്കാൻ അധികൃതർ തയ്യാറാകാതിരുന്നതാണ് അപകടത്തിന് കാരണമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വീണ്ടും അപകടമുണ്ടായതിനെ തുടർന്ന് ബസ് ക്രെയിനുപയോഗിച്ച് ഇന്നലെ ഉച്ചയോടെ നീക്കി.