mla

അങ്കമാലി: ഓണക്കാല ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. ഗതാഗതക്കുരുക്കിന് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോ ണി കുര്യാക്കോസ്, ഉപാദ്ധ്യക്ഷ സിനി മനോജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വൈ. ഏല്യാസ്, ജിത ഷിജോയ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എ.വി. രഘു , നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവർ നേതൃത്വം നൽകി. തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിക്കും.

 തീരുമാനങ്ങൾ

 പട്ടണത്തിൽ മൂന്ന് സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സജ്ജമാക്കും

 ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും

 ക്യാമ്പ് ഷെഡ് റോഡിൽ ഒരു വശത്ത് പാർക്കിംഗ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും.

 പ്രൈവറ്റ് ബസുകൾ പട്ടണത്തിൽ അനുവദനീയമായ സ്റ്റോപ്പുകളിൽ മാത്രം നിറുത്തുകയും അധിക സമയം തങ്ങാതെ വിട്ട് പോകുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തും

 ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ നിശ്ചിത എണ്ണം വണ്ടികളിൽ കൂടുതൽ എണ്ണം കിടക്കുവാൻ അനുവദിക്കില്ല.

 ടൗണിൽ സ്ഥാപിച്ചിട്ടുള്ള റിവോൾവിംഗ് ക്യാമറ മാറ്റുന്നത് പരിഗണിക്കും,

 അനധികൃത വഴിയോര കച്ചവടം കർശനമായി നിരോധിക്കും.

കച്ചവടക്കാർ നടപ്പാത കൈയേറിയാൽ ശിക്ഷാ നടപടികൾ സ്വീകരിക്കും.

പഴയ മാർക്കറ്റ് റോഡിൽ നിലവിലുള്ള വൺവേ സംവിധാനം പൂർണ്ണമായും ഉറപ്പാക്കും.

ടി.ബി. ജംഗഷനിൽ ആവശ്യമായ ഗതാഗത പരിഷകാരം നടപ്പാക്കും.

അടയാള ബോർഡുകൾ കൂടുതൽ സ്ഥാപിക്കും.

 ബസുകളുടെ സമയപ്പട്ടിക അനുയോജ്യമാം വിധം പുന:ക്രമീകരിക്കും. എല്ലാ ബസുകളും സ്റ്റാൻഡിൽ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

 എൽ എഫ് ആശുപത്രിയുടെ നിലവിലെ പുറത്തേക്കുള്ള കവാടം മാറ്റി സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കും.