dh

കാലടി: എം.സി.റോഡിൽ മറ്റൂർ ജംഗ്ക്ഷനിൽ നിന്ന് തിരിയുന്ന ചെമ്പിച്ചേരി റോഡിൽ ടോറസ് വാഹനങ്ങൾ അനധികൃതമായി നിറുത്തിയിടുന്നതായി പരാതി. എം. സി. റോഡിൽ ഗതാഗതക്കുരുക്ക് മുറുകുമ്പോൾ വാഹനങ്ങൾ തിരിച്ച് വിടുന്നത് ഈ റോഡ് വഴിയാണ്. വീതിയേറിയ ചെമ്പിച്ചേരി - കൈപ്പട്ടൂർ റോഡിരികിൽ ടോറസ് വാഹനങ്ങളും ക്രെയിനും അതിന് പിറകിലായി നിരവധി ലോറികളും പാർക്ക് ചെയ്തിരിക്കുകയാണ്.

അപകട സാദ്ധ്യതയേറെ

കൈപ്പട്ടൂർ ഭാഗത്ത് നിന്ന് വേഗതയിൽ വരുന്ന ചെറു വാഹനങ്ങൾ ഇടുങ്ങിയ കൾവർട്ട് കടക്കുമ്പോൾ അപകടത്തിൽപ്പടാൻ സാദ്ധ്യതയേറെയാണ്. ആറ് മാസം മുമ്പ് മഞ്ഞപ്ര സ്വദേശിയായ യുവാവ് ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് ചെറുവാഹനങ്ങളിൽ അന്താരാഷ്ട്ര വിമാനതാവളത്തിലേക്കെത്തുന്നവരും തിരികെ പോകുന്നവരും ഭൂരിഭാഗവും കാലടിയിലെ രൂക്ഷമായ ഗതാഗക്കുരുക്കിനെ മറി കടക്കാൻ കൈപ്പട്ടൂർ - ചെമ്പിച്ചേരി റോഡാണ് ഉപയോഗിക്കുന്നത്. പാടമടകൾ, ക്രഷുകൾ എന്നിവിടങ്ങളിൽ നിന്ന് ലോഡ് കയറ്റി വരുന്ന നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നു പോകുന്നുണ്ട്. ആദിശങ്കര എൻജിനിയറിംഗ് കോളേജ്, ശ്രീശങ്കര കോളേജ്, സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ബൈക്ക് യാത്രക്കാരും റോഡ് ഉപയോഗിക്കുന്നുത്. സമീപത്തെ വ്യവസായ സ്ഥാപനങ്ങളിലെ ജോലിക്കാരും ഉപയോഗിക്കുന്ന റോഡാണിത്.

അപകടം ക്ഷണിച്ച് വരുത്തുന്ന റോഡിലെ അനധികൃത പാർക്കിംഗുകൾ തടയാൻ കർശന നടപടിയുണ്ടാകണം.

സിജോ ചൊവ്വരാൻ

ബ്ലോക്ക് പഞ്ചായത്തംഗം

അങ്കമാലി