boneyrose
പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്‌സിന്റെ മെഗാ ഓണം ട്രേഡ് ഫെയർ ഗുണാ കേവ് ഉദ്ഘാടനം ചെയ്തശേഷം ചലച്ചിത്രതാരം ഹണി റോസ് നോക്കിക്കാണുന്നു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ റനീഷ്, രാജേഷ് തങ്കപ്പൻ എന്നിവർ സമീപം

കൊച്ചി: പന്തൽ ട്രേഡ് ഫെയർ അസോസിയേറ്റ്‌സ സംഘടിപ്പിക്കുന്ന മെഗാ ഓണം ട്രേഡ് ഫെയർ ചലച്ചിത്രതാരം ഹണി റോസും മഞ്ഞുമ്മൽ ബോയ്‌സ് ടീമും ചേർന്ന് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ റനീഷ്, ഷനിൽ, മഹേഷ്, മിഥുൻ, മനോജ്, ബിനു ഗോപി, രാജേഷ് തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

എറണാകുളം മറൈൻഡ്രൈവ് മൈതാനിയിലെ ഫെയറിൽ കൊടൈക്കനാലിലെ ഗുണാകേവിലേക്ക് പോകുന്ന പാറയിടുക്കിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയത്. വെള്ളച്ചാട്ടം, കാനനയാത്ര എന്നിവയും ഒരുക്കിയിട്ടുണ്ട്. കാട്ടിലൂടെ നടക്കുന്ന അനുഭവമാണ് സന്ദർശകർക്ക് ലഭിക്കുക.

പക്ഷികളുടെയും അരുമകളുടെയും ലോകവും ഒരുക്കിയിട്ടുണ്ട്. 150 രൂപയുടെ ലവ് ബേർഡ്‌സ് മുതൽ ലക്ഷങ്ങൾ വിലയുള്ള മെക്കാവുവരെയുണ്ട്. സിലിൻഡ്രിക്കൽ അക്വേറിയം, പെറ്റ്‌ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്.

കറിക്കത്തി മുതൽ കാറുകൾവരെ ലഭിക്കുന്ന സ്റ്റാളുകളും ഉത്പന്ന വിപണനമേളയും ഒരുക്കിയിട്ടുണ്ട്. കിഡ്‌സ് സോൺ, അമ്യൂസ്‌മെന്റ് പാർക്ക്, ഫുഡ്‌ കോർട്ടുകൾ എന്നിവയും സജ്ജമാണ്.

ഒക്ടോബർ ആറുവരെ നീളുന്ന ഫെയറിൽ പ്രവേശനം പാസ് മൂലമാണ്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി ഒൻപതുവരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒൻപതുവരെയുമാണ് പ്രദർശനം.