
മൂവാറ്റുപുഴ: മൂവാറ്റുപുഴ- പെരുമ്പാവൂർ എം.സി റോഡിൽ നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ പെരുമ്പാവൂർ റോഡിൽ പേഴയ്ക്കാപ്പിള്ളി എസ്. വളവിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്ത് നിന്ന് റബർ തടിയുമായി പെരുമ്പാവൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന തടിലോറിക്ക് പിന്നിൽ ഇതേ ദിശയിൽ തൊടുപുഴയിൽ നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ തൊടുപുഴ സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം.സി റോഡിൽ അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി പരിഹരിച്ചു.
സീനിയർ ഫയർ ഓഫീസറായ അനീഷ് കുമാർ, ഫയർ ഓഫീസർ അയൂബ്, സോജൻ ബേബി, റിയാസ് കെ.എം., സാബു ജോസഫ്, ഗോപിനാഥൻഅരേമൽ, ടി.കെ. ടോമി, എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിൽ തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി. അപകടത്തിൽ കാർ പൂർണമായും തകർന്നു.