പെരുമ്പാവൂർ: ഓണക്കാല പ്രതീക്ഷയോടെ വാഴക്കൃഷി ഉൾപ്പെടെ നടത്തിയ കർഷകർക്ക് ഇത്തവണ കണ്ണീരോണം. വാഴ വിളവെടുപ്പ് നടത്തിയവർക്ക് സാധാരണ വില പോലും കിട്ടുന്നില്ല. ഒരു മാസം മുമ്പ് വരെ 50 രൂപ മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന നേന്ത്രന് 35 മുതൽ 42 രൂപയായി കുറഞ്ഞു. ഞാലിപ്പൂവൻ 70 രൂപയിൽ നിന്ന് 45 രൂപയായി കുറഞ്ഞു, പാളയം കോടൻ 40 രൂപയിൽ നിന്നും 30 രൂപയിലേക്ക് കുറഞ്ഞു. റോബസ്റ്റാ 40നിന്ന് 15 ലേക്ക് കുറഞ്ഞു, തമിഴ്നാട്ടിലെ സത്യമംഗലം, മേട്ടുപ്പാളയം, പുളിയാം പെട്ടി, അണ്ണൂർ എന്നീ ഭാഗങ്ങളിൽ നിന്ന് വാഴക്കുലകൾ ധാരാളമായി എത്തുന്നതാണ് നാട്ടിലെ കർഷകർക്ക് തിരിച്ചടിയായത്.
നാട്ടുകൃഷികൾ
ഇനം- കഴിഞ്ഞ ആഴ്ചയിലെ വില - ഇപ്പോഴത്തെ വില
കുമ്പളങ്ങ - 35 - 12
മത്തങ്ങ - 30 - 15
ചേന - 80 - 45
കിഴക്കൻ മേഖലയിലെ വാഴക്കർഷകർക്ക് തിരിച്ചടിയാകുന്നത്
ഏപ്രിൽ മുതൽ ഓഗസ്റ്റ് അവസാന വാരം വരെ തമിഴ്നാട്ടിൽ നിന്നുള്ള വാഴ ഉത്പന്നങ്ങളുടെ വരവ് കുറവ്. എന്നാൽ, കാലാവസ്ഥ എതിരായതിനാൽ ആ കാലത്ത് നാട്ടിലും കൃഷി കുറവ്.
വർഷങ്ങളായി പെരിയാർ വാലി മൈനർ ഇറിഗേഷൻ പ്രോജക്ടുകളുടെ പ്രവർത്തനം വെട്ടിച്ചുരുക്കി. നല്ല വില ലഭിക്കുന്ന സമയത്ത് കൃഷി ചെയ്യാവുന്ന വാഴകൾ ജലലഭ്യത കുറവുകൊണ്ട് കൃഷി ചെയ്യാൻ സാധിക്കുന്നില്ല.
 വിലയിടിവിൽ നിന്ന് കർഷകരെ രക്ഷിക്കാൻ വേണ്ടി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ക്ലസ്റ്ററുകൾ രൂപീകരിച്ചെങ്കിലും ഇതുവരെ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങിയില്ല
കർഷകർക്ക് വേണ്ടി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സംസ്ഥാനകൃഷിവകുപ്പ് കാര്യക്ഷമമായി പ്രവർത്തനങ്ങൾ നടത്തുന്നില്ല
ജല ലഭ്യതയുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തി വാഴക്കൃഷി ചെയ്യാൻ പറ്റാത്തതും കർഷകർക്ക് തിരിച്ചടിയാകുന്നു.