iap
ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് കൊച്ചി ശാഖ ആസ്റ്റർ മെഡ്‌സിറ്റി പീഡിയാട്രിക്‌സ് ആൻഡ് നിയോനേറ്റോളജി സെന്റർ ഒഫ് എക്‌സലൻസുമായി ചേർന്ന് കുട്ടികളുടെ അത്യാഹിത ചികിത്സ എന്ന വിഷയത്തിൽ കൊച്ചി ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച മൺസൂൺ സി.എം.ഇ ശില്പശാല ഡോ. ജി.വി.ബസവരാജ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ഫലപ്രദമായ ചികിത്സയ്ക്ക് വിദഗ്ദ്ധരായ കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി രാജ്യത്തിനാവശ്യമുണ്ടെന്ന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സ് (ഐ.എ.പി) ദേശീയ പ്രസിഡന്റ് ഡോ.ജി.വി. ബസവരാജ പറഞ്ഞു. ഐ.എ.പി കൊച്ചി ശാഖ ആസ്റ്റർ മെഡ്‌സിറ്റി പീഡിയാട്രിക്‌സ് ആൻഡ് നിയോനേറ്റോളജി സെന്റർ ഒഫ് എക്‌സലൻസുമായി ചേർന്ന് കുട്ടികളുടെ അത്യാഹിത ചികിത്സ എന്ന വിഷയത്തിൽ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച മൺസൂൺ സി.എം.ഇ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയിലെ പീഡിയാട്രിക്‌സ് തീവ്രപരിചരണ രംഗം ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് ആസ്റ്ററിലെ പീഡിയാട്രിക് കൺസൾട്ടന്റും സി.എം.ഇയുടെ സംഘാടക ചെയർമാനുമായ ഡോ. ജീസൺ സി. ഉണ്ണി പറഞ്ഞു.

കുട്ടികൾക്ക് ഏൽക്കുന്ന പാമ്പുകടി, പൊള്ളൽ, ഹൃദയാഘാതം, അർബുദം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടന്നു. ഐ.എ.പി കേരള വിഭാഗം പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, സെക്രട്ടറി ഡോ. കൃഷ്ണമോഹൻ, കൊച്ചി ശാഖ പ്രസിഡന്റ് ഡോ.വിവിൻ എബ്രഹാം, സെക്രട്ടറി ഡോ. എബി മാത്യു, ആസ്റ്റർ മെഡ്‌സിറ്റിയിലെ പി.ഐ.സി.യു കൺസൽട്ടന്റും പരിപാടിയുടെ സംഘാടക സെക്രട്ടറിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, ഐ.എ.പി ഇന്റൻസീവ് കെയർ ചാപ്റ്റർ പ്രസിഡന്റ് ഡോ. സജിത്ത് കേശവൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.