
അങ്കമാലി: ചലച്ചിത്രതാരം മമ്മൂട്ടിയുടെ ജന്മദിനം രക്തദാനം നടത്തി ആഘോഷിക്കുകയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. 30000 രക്തദാനം നടത്താനാണ് തീരുമാനം. അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ശബരീഷ്, റോജി എം ജോൺ എം.എൽ.എ, അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ രാവിലെ മുതൽ രക്ത ദാനം നടത്തി. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്. ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, ബെന്നി ബെഹനാൻ എം.പി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് എന്നിവരും ചടങ്ങിൽ എത്തിയിരുന്നു. സംഘടന ശക്തമായ പതിനേഴ് രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പെയിനിലൂടെ 30000എന്ന ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ പറഞ്ഞു. ആഗസ്ത് 20 ന് ആസ്‌ട്രേലിയായിൽ ആണ് ആദ്യ രക്തദാനം നടന്നത്.