special-school

 ജില്ലയിൽ 10 സ്കൂളുകൾ

കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉൾപ്പെടെ ആശ്രയമായ സ്പെഷൽ സ്കൂളുകളിൽ 47 എണ്ണം അടച്ചുപൂട്ടിലിന്റെ വക്കിൽ. വിദ്യാർത്ഥികളുടെ എണ്ണത്തെ കുറിച്ചുള്ള സർക്കാർ ഉത്തരവിലെ പാളിച്ചയാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ പൂട്ടുവീഴുന്ന സ്കൂളുകളുടെ എണ്ണം 60ന് മുകളിലേക്ക് ഉയരും. 80 അദ്ധ്യാപകർക്ക് ജോലിയും നഷ്ടമാകും.

20 കുട്ടികളുണ്ടെങ്കിലേ സ്പെഷ്യൽ സ്കൂളിന് പ്രവർത്തനാനുമതിയും ബഡ്ജറ്റിൽ നീക്കിവച്ച വിഹിതവും ലഭിക്കുകയുള്ളൂവെന്ന ഉത്തരവാണ് പ്രതിസന്ധിയാകുന്നത്. വിവിധ എൻ.ജി.ഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളെയാണ് ഇത് ബാധിക്കുക. ഉത്തരവ് പരിഷ്കരിക്കണമെന്നും കുട്ടികളുടെ സൗജന്യ വിദ്യഭ്യാസ അവകാശം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരത്തിന് ഒരുങ്ങുകയാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും.

വെല്ലുവിളി നേരിടുന്ന ഭൂരിഭാഗം സ്കൂളുകളിലും 19 കുട്ടികൾ വരെ പഠിക്കുന്നുണ്ട്.

 കഴിഞ്ഞ വർഷവും സഹായമില്ല

സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം 47 സ്പെഷ്യൽ സ്കൂളുകൾക്ക് സർക്കാർ സഹായം നൽകിയില്ല. ഈവർഷം പ്രശ്നപരിഹാരം കാണുമെന്ന പ്രതീക്ഷയിൽ സംഘടനകളുടെ സഹായത്തോടെയാണ് സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. ഇതുവരെയും ഉത്തരവിൽ കാതലായ മാറ്റം ഉണ്ടായില്ല. ഈവർഷത്തെ പാക്കേജിനായുള്ള അപേക്ഷയും ക്ഷണിച്ചിട്ടുമില്ല.

 നാളെ ഉപവാസം

ഈ സാഹചര്യത്തിലാണ് നാളെ ഉപവാസ സമരമിരിക്കാൻ സംഘടനകളെ പ്രേരിപ്പിച്ചത്. ബഡ്സ് സ്കൂളുകളിൽ ഒരു കുട്ടി മാത്രമേയുള്ളൂവെങ്കിലും പ്രവർത്തനാനുമതിയും സർക്കാർ വിഹിതവും നൽകും. സ്പെഷ്യൽ സ്കൂളിൽ കുട്ടികളുടെ എണ്ണം 20 വേണം. ഈ വിചിത്രമായ ഉത്തരവ് പരിഷ്കിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അസോസിയേഷൻ ഫോർ ദ വെൽഫെയർ ഒഫ് സ്പെഷ്യൽ സ്കൂൾ സ്റ്റാഫ് കോ ഓർഡിനേറ്റർ മിനി മോഹനൻ പറഞ്ഞു.

 47 കോടി

350ലധികം സ്പെഷ്യൽ സ്കൂളുകളിലായി 45,000 കുട്ടികളാണ് പഠിക്കുന്നത്. ഇവയുടെ പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ ഈവർഷം 47 കോടി രൂപയാണ് നീക്കിവച്ചത്. കഴിഞ്ഞ വ‌ർഷം 45 കോടിയായിരുന്നു. അനുവദിച്ചത് 28 കോടി. ബാക്കി ലഭിക്കാൻ സംഘടനകൾ സമരം ചെയ്യേണ്ടിവന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ചേർത്തുനിറുത്തുന്നുവെന്ന് സർക്കാർ അടിക്കടി പറയുമെങ്കിലും നീക്കിവയ്ക്കുന്ന പണം കൈമാറുന്നത് ഏറെ വൈകിയാണെതാണ് വിരോധാഭാസം.

 ആവശ്യങ്ങൾ

ഇരട്ടനീതി അവസാനിപ്പിക്കുക

 അദ്ധ്യാപകരുടെ യോഗ്യത ശരിയായി രേഖപ്പെടുത്തുക

 സ്കൂളുകളെ പാക്കേജ് ലിസ്റ്റ് ഉൾപ്പെടുത്തുക

എജ്യൂക്കേറ്രർമാരുടെ യോഗ്യത നിലനിറുത്തുക

ഹോണറേറിയം 12മാസത്തേയ്ക്ക് ആക്കുക

ഗുണഭോക്തക്കളുടെ പ്രായപരിധി 23ആക്കുക

എല്ലാ ജീവനക്കാ‌ർക്കും ഉത്സവബത്ത അനുവദിക്കുക

സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട ണം. ബഡ‌്ജറ്റിൽ അനുവദിച്ച തുക ഉടൻ അനുവദിക്കണം

കെ.എം. ജോർജ്

കോ-ഓർഡിനേറ്റർ

സംയുക്ത സമരസമിതി