alfa-paravur

പറവൂർ: രോഗ ബാധയാൽ ജീവിതം നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ 34 പേർ. കൊച്ചിയുടെ സൗന്ദര്യവും കായലിന്റെയും ബീച്ചിന്റെയും വശ്യതയുമറിഞ്ഞ് കെ.എസ്.ആ‌ർ.ടി ബസിലും കൊച്ചി മെട്രോയിലുമായി യാത്ര ചെയ്തു. വീൽച്ചെയറിലും വാക്കറിലും കഴിയുന്ന ആൽഫാ പാലിയേറ്റിവ് കെയർ പറവൂർ സാന്ത്വന കണ്ണിയുടെ പരിചരണത്തിലുള്ളവർക്കാണ് പുറംകാഴ്ചകളുടെടെ മനോഹരലോകം തുറന്നിട്ട് ഉല്ലാസയാത്രയൊരുക്കിയത്.

കെ.എസ്.ആർ.ടി.സിയുടെ ലോഫ്ലോർ എ.സി ബസിൽ എറണാകുളം ഹൈകോർട്ട് ജെട്ടിയിലെത്തി ജലമെട്രോയിൽ കൊച്ചികായലും കടന്ന് വീണ്ടും ബസിൽ പുതുവെെപ്പിലെ ലൈറ്റ് ഹൗസും കുഴുപ്പിള്ളി ബീച്ചും സന്ദർശിച്ച് വൈകിട്ടായിരുന്നു മടക്കം.

അപകടങ്ങളും അസുഖങ്ങളിലും നിലച്ചുപോയവരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. സെന്റ് രക്ഷാധികാരി കെ.വി. സത്യൻ, സെക്രട്ടറി ഒ.എം. ജോബി എന്നിവരുടെ നേതൃത്വത്തിൽ പതിനാല് വളന്റിയർമാരും ഇവരെ അനുഗമിച്ചു.

 ആൽഫ സാന്ത്വനകണ്ണി

ക്യാൻസർ രോഗികൾ, അപകടത്തിൽ പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെട്ടവർ, വാർദ്ധക്യസഹജമായ രോഗങ്ങളുള്ളവർ തുടങ്ങി ആറ് മുതൽ 94 വയസുവരെ പ്രായംചെന്നവരുമായ 754 പേരാണ് സെന്ററിന്റെ പരിചരണത്തിലുണ്ട്.

പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വിവിധയിടങ്ങളിൽ കഴിയുന്നവരെ വീട്ടിലെത്തി പരിചരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ് കൈതാരം ബ്ലോക്കുപടിയിൽ പ്രവർത്തിക്കുന്ന ആൽഫ സാന്ത്വനകണ്ണി.ഒരു ഡോക്ടറും നാല് നഴ്സുമാരും മുപ്പതോളം സന്നദ്ധ പ്രവർത്തകരും സെന്ററിലുണ്ട്.