 
ചോറ്റാനിക്കര: ചോറ്റാനിക്കര - മുളന്തുരുത്തി പൊതുമരാമത്ത് റോഡിൽ അടിയാക്കൽ പാലത്തിന് സമീപം റോഡിലെ കുഴി അപകടമേഖലയായതിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം ഈ കുഴിയിൽ ബൈക്ക് തെന്നിവീണ് 20കാരന്റെ ജീവൻ പൊലിഞ്ഞതാണ് ഒടുവിലത്തെ സംഭവം. നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടും അധികാരികൾ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. താത്കാലികമായി കുഴി നികത്താൻപോലും അധികൃതർ തയ്യാറായിട്ടില്ല. ശബരി പദ്ധതിയിൽപ്പെടുത്തി മണ്ഡലകാലത്തിനുമുമ്പ് റോഡ് ടാർ ചെയ്യുമെന്നാണ് ഇപ്പോൾ നൽകിയിട്ടുള്ള ഉറപ്പ്. മണ്ഡലകാലത്തിന് ഇനിയും രണ്ടുമാസം ബാക്കിയുള്ളപ്പോൾ ഇനിയെത്രപേർ കുഴിയിൽവീഴുമെന്ന് കണ്ടറിയണം.
പ്രതിഷേധം കനക്കുന്നു
* ശവമഞ്ചവവുമായി യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം
* പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണയുമായി ബി.ജെ.പി
തകർന്നു കിടക്കുന്ന ചോറ്റാനിക്കര റോഡ് യൂത്ത് കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവമഞ്ചവുമായി ഉപരോധിച്ചു. കഴിഞ്ഞ ദിവസം ജോയൽ ബൈജുവെന്ന വിദ്യാർത്ഥി റോഡിലെ കുഴിയിൽ വീണു മരണമടഞ്ഞ ദാരുണസംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവമുള്ള നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് ശ്രീദേവി ശങ്കർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻവീട്ടിൽ, ഇന്ദിരാ ധർമരാജൻ, കെ.കെ. ശ്രീകുമാർ,അഡ്വ. എൻ.ആർ. രാജേഷ് , ജൂലിയറ്റ് ടി ബേബി, സി എ തങ്കച്ചൻ,അംബിക പ്രദീപ് ,റെജി കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു.
ബി.ജെ.പി ചോറ്റാനിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചോറ്റാനിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കഴിഞ്ഞദിവസം വിദ്യാർത്ഥി അപകടത്തിൽ മരിച്ച സ്ഥലത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. ധർണ ബി. ജെ. പി. മണ്ഡലം പ്രസിഡന്റ് എൻ. എം. സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.ജി. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. ഉണ്ണിക്കൃഷ്ണൻ, അംബികചന്ദ്രൻ, പ്രസാദ് എന്നിവർ പ്രസംഗിച്ചു.