y
മരട് നഗരസഭാ അധികാരികളും- കുമ്പളം പഞ്ചായത്ത് അംഗങ്ങളും തർക്കം നിലനില്ക്കുന്ന അതിർത്തിയിൽ സംയുക്ത പരിശോധന നടത്തുന്നു

മരട്: ഒരിടവേളയ്ക്കുശേഷം വീണ്ടും ചൂടുപിടിക്കുകയാണ് മരട് നഗരസഭ -കുമ്പളം പഞ്ചായത്ത് അതിർത്തിത്തർക്കം. അതിർത്തി പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരസഭ പെർമിറ്റ് നൽകിയതാണ് വീണ്ടും വിഷയം ചൂടുപിടിക്കാനുള്ള കാരണം.

നിർമ്മാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന് പരാതി നൽകി. തുടർന്ന് ചെയർമാന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. രാഹുൽ, അജിത്ത് വേലക്കടവിൽ, നഗരസഭ കൗൺസിലർ ബിനോയ് ജോസഫ്, അനീഷ് ഉണ്ണി, സെക്രട്ടറി ഇ. നാസിം, മുനിസിപ്പൽ എൻജിനിയർ എം.കെ. ബിജു എന്നിവരുടെ സംയുക്ത പരിശോധന നടത്തി.

മുമ്പ് നഗരസഭയുടെ ബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. പഞ്ചായത്തിന്റെ 50 മീറ്റർ കൈയേറിയാണ് നഗരസഭ ബോർഡ് സ്ഥാപിച്ചതെന്ന് കുമ്പളം പഞ്ചായത്ത് ആരോപിച്ചിരുന്നു. രേഖകളിലുള്ള ഈ പ്രദേശത്തെ സ്ഥാപനങ്ങളടക്കം നികുതിയടയ്ക്കുന്നത് മരട് നഗരസഭയിലാണെന്ന് നഗരസഭാ അധികൃതർ വ്യക്തമായി. വിഷയത്തിൽ സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.