കൊച്ചി: ഓണം അവധിക്ക് കോളേജും ഹോസ്റ്റലുകളും അടയ്ക്കുമെങ്കിലും നാട്ടിൽ പോകാൻ പറ്റാതെ ലക്ഷദ്വീപ് വിദ്യാ‌ർത്ഥികൾ. രാവും പകലുമില്ലാതെ ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ ടിക്കറ്റ് കൗണ്ടറിൽ 200ൽ അധികം വിദ്യാർത്ഥികളാണ് ടിക്കറ്റിനായി കാത്തിരിക്കുന്നത്. ഓൺലൈൻ ബുക്കിംഗ് സംവിധാനമുണ്ടെങ്കിലും സ്ലോട്ടുകൾ ഉടൻ തീരും. ഇതോടെയാണ് ടിക്കറ്റ് കൗണ്ടറിൽ വിദ്യാർത്ഥികളുടെ കാത്തിരിപ്പ് നീളുന്നത്. ടിക്കറ്റിനെ ചൊല്ലി വിദ്യാ‌ർത്ഥി സംഘടനകൾ തമ്മിൽ വാക്കേറ്റവും ഉണ്ടായി. പ്രശ്നം പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു സമീപനവും ഉണ്ടായിട്ടില്ലെന്നും ലക്ഷദ്വീപ് എം.പി വിളിച്ചാൽ ഫോൺപോലും എടുക്കാറില്ലെന്നും വിദ്യാ‌‌ർത്ഥികൾ പറയുന്നു. ഇവരെക്കൂടാതെ ചികിത്സകൾക്കും മാറ്റാവശ്യങ്ങൾക്കുമായി കേരളത്തിലെത്തിയവരും ഇത്തരത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

കിൽത്തൻ, ചെത്ത്‌ലത്ത്, ബിത്ര ദ്വീപുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. നാട്ടിൽ പോകാനെത്തിയ തങ്ങൾ നാല് ദിവസമായി കൊച്ചിയിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഇത്തരത്തിൽ പ്രയാസത്തിലായിട്ടുണ്ട്. വിവിധ ദ്വീപുകളിലേക്ക് കപ്പലുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും ഇവിടേയ്ക്ക് ഷെഡ്യൂളുകളൊന്നുമായിട്ടില്ല. കേരളത്തിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ. അധികൃതരോട് പരാതി അറിയിച്ചെങ്കിലും ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരടങ്ങുന്ന വിദ്യാർഥികൾ കൂടുതൽ പണംമുടക്കി കൊച്ചിയിൽ താമസിക്കേണ്ടിവരികയാണെന്നും അവർ പറഞ്ഞു.

നി​ലവി​ൽ രണ്ട് കപ്പലുകൾ മാത്രം

400 സീറ്റിന്റെ ലഗൂൺ, 250 സീറ്റിന്റെ അറേബ്യൻ സീ എന്നീ രണ്ട് കപ്പലുകളാണ് നി​ലവി​ൽ സർവീസ് നടത്തുന്നത്. അഞ്ച് കപ്പലുകളുള്ള ദ്വീപിലെ ബാക്കി കപ്പലുകളെല്ലാം അറ്റകുറ്റപ്പണികൾക്കായി മാറ്രിയിരിക്കുകയാണെന്ന് അധികൃതർ പറയുന്നു.

കൂടുതൽ കപ്പൽ സ‌ർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ ക്വാട്ടേഴ്സിൽ പോയി കണ്ടിട്ടും നടപടി ഉണ്ടായിട്ടില്ല. എം.പി ഫോൺ പോലും എടുക്കുന്നില്ല. രാത്രിയും പകലും ഭക്ഷണംപോലും കഴിക്കാതെയാണ് പെൺകുട്ടികൾ അടക്കം ഇവിടെ കാത്തിരിക്കുന്നത്

അഫ്താബ്

ജില്ലാ പ്രസിഡന്റ്

ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ