
കൂത്താട്ടുകുളം: വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ച് യാത്രക്കാരായ 35 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മൂന്നേ മുക്കാലോടെ
കൂത്താട്ടുകുളം വി സിനിമയ്ക്ക് സമീപമാണ് ആറ് വാഹനങ്ങൾ കൂട്ടിമുട്ടി വാഹനയാത്രികരായ മുപ്പത്തിയഞ്ചു പേർക്ക് പരിക്കേറ്റത്. കൂത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴ റൂട്ടിലേയ്ക്കു പോയ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. പാലക്കാട് നെന്മാറ കോർപ്പറേറ്റീവ് സൈസൈറ്റിയുടെ ടെമ്പോ ട്രാവലറിൽ സി.ബി.എം. കമ്പനിയുടെ ടിപ്പറാണ് ആദ്യം ഇടിച്ചത്. അതിനു പുറകിൽ കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ നാലോളം പേർക്ക് സാരമായ പരിക്കേറ്റു. കമ്പിയിൽ മുഖമിടിച്ച ഇരുപതോളം ബസ് യാത്രികരെയും വിവിധ വാഹനങ്ങളിലായി കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ എത്തിച്ചു. ഇതേസമയം ബസിനു പുറകിലിടിച്ച കാർ ബസിനു പുറകിൽ കുരുങ്ങി. കാർയാത്രികയായ പാമ്പാടി ഇടത്തനാട് ബോബിന വർഗ്ഗീസിന് സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന, പൊലീസ് എന്നിവർ ചേർന്ന് പരിക്കേറ്റവരെ വിവിധ വാഹനങ്ങളിലായി ആശുപത്രിയിൽ എത്തിച്ചു. ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ക്രെയിൻ എത്തിച്ച് വാഹനങ്ങൾ മാറ്റി റോഡ് ഗതാഗതം പുന:സ്ഥാപിച്ചു.