കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ബീജം എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണിത്. ജസ്റ്റിസ് വി.ജി. അരുൺ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.
എറണാകുളം സ്വദേശിയായ യുവാവിന് ആഗസ്റ്റ് നാലിന് രാത്രി ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ചാണ് പരിക്കേറ്റത്. അപകടനില തരണം ചെയ്യാനുള്ള സാദ്ധ്യത വിരളമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് തനിക്ക് ഭർത്താവിൽ നിന്ന് കുഞ്ഞു വേണമെന്നും അതിനായി ബീജം എടുക്കണമെന്നുമുള്ള ആവശ്യം 34കാരിയായ ഭാര്യ ഉന്നയിച്ചത്. ഇതിന് നിയമപരമായ തടസം ഉള്ളതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം.