ചോറ്റാനിക്കര: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച വിനായക ചതുർത്ഥി ആഘോഷങ്ങൾ സമാപിച്ചു. പുലർച്ചെ മുതൽ ഗണപതി ക്ഷേത്രങ്ങളിലെല്ലാം വിശേഷാൽ ഹോമങ്ങളും പൂജകളും നടത്തി. വിശ്വഹിന്ദു പരിഷത്ത് ചോറ്റാനിക്കര പ്രഖണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോറ്റാനിക്കര, കണയന്നൂർ ശ്രീമഹാദേവക്ഷേത്രം, മുളന്തുരുത്തി പൂതൃക്കോവിൽ ക്ഷേത്രം, ആമ്പല്ലൂർ, എടക്കാട്ടുവയൽ, തിരുമറയൂർ, മണീട് തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് ഗണേശ വിഗ്രഹ ഘോഷയാത്ര വൈകിട്ട് 3.30ന് മുളന്തുരുത്തി പൂതൃക്കോവിൽ ക്ഷേത്രത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് തുപ്പംപടിവഴി, ആരക്കുന്നം, പേപ്പതി സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പിറവത്തെത്തി കിഴക്കൻ മേഖലകളിലെ ഗണേശ വിഗ്രഹ ഘോഷയാത്രയുമായി ഒത്തുചേർന്ന് മഹാ ഘോഷയാത്രയായി താളമേള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പാഴൂർ ശ്രീമഹാദേവക്ഷേത്രത്തിൽ എത്തി. ആയിരക്കണക്കിന് പേർ ഘോഷയാത്രയിൽ അകമ്പടി സേവിച്ചത്. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കുശേഷം വൈകിട്ട് ഏഴരയോടെ പാഴൂർപുഴയിൽ വിഗ്രഹം നിമജ്ജനം ചെയ്തു.