
പെരുമ്പാവൂർ: ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ ഒക്കൽ ശ്രീകൃഷ്ണ ഭഗവതി ക്ഷേത്രത്തിൽ നടന്ന ഭക്തിനിർഭരമായ ഗണേശോത്സവ ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്നലെ രാവിലെ ഒക്കൽ അമൃതാനന്ദസമിതിയിലെ ഷിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ഗണേശവിഗ്രഹ പ്രതിഷ്ഠ നടത്തി. വൈകിട്ട് രക്ഷാധികാരിയും കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ടേറ്റീവ് കമ്മറ്റി ചെയർമാനുമായ കെ.കെ. കർണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മാതാഅമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി പൂർണാ മൃതാനന്ദപുരി നിമജ്ജന ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ, രക്ഷാധികാരി ഗോപി വെള്ളിമറ്റം, ആഘോഷ കമ്മറ്റി ചെയർമാൻ ടി.എസ്. ബൈജു, എ.കെ. ശിവൻ എന്നിവർ പ്രസംഗിച്ചു. പറക്കാട്ട് ജൂവലറി മാനേജിംഗ് ഡയറക്ടർ പ്രീതി പ്രകാശ്, കെ.എം. പി. ഗ്രൂപ്പ് ചെയർമാൻ കെ.വി.മോഹനൻ, പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി. ജോർജ്ജ്, പി.എൻ. ശ്രീനിവാസൻ (സായി കേന്ദ്ര, കാലടി) ഡോ. അംബേദ്കർ ദേശീയ പുരസ്കാര ജേതാവ് എം.ജി. സുനിൽകുമാർ എന്നിവരെ യോഗത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ഈസ്റ്റ് ഒക്കൽ ശ്രീ കൃഷ്ണ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നിമജ്ജന ഘോഷയാത്ര ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ സമാപിച്ചു. തുടർന്ന് ഷിബിൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നിമജ്ജന പൂജ, വിഗ്രഹ നിമജ്ജനം എന്നിവ നടന്നു.