
ഒരുമാറ്റം ആഗ്രഹിക്കാത്തവരായി ആരുമില്ല. കോൺഗ്രസുകാരായാലും അങ്ങനെതന്നെ. എത്രനാളിങ്ങനെ ഖദറുമിട്ട് സോഷ്യലിസവും പറഞ്ഞുനടക്കും. സോഷ്യലിസത്തിന് പഴയ പവറില്ലെന്നൊരു തോന്നൽ ഖദറുകാർക്ക് കുറേക്കാലമായുണ്ട്. കമ്മ്യൂണിസ്റ്റുകാരെപ്പോലെ തീവ്രത കൂട്ടാൻ രണ്ടു വഴികളേയുള്ളൂ. ഒന്നുകില്ലെങ്കിൽ കമ്മ്യൂണിസ്റ്റാവുക, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാരെ ഒപ്പംകൂട്ടുക. സോഷ്യലിസം മൂത്താണ് കമ്മ്യൂണിസമാകുന്നതെന്ന് പണ്ടെങ്ങോ ഏതോ സഖാക്കൾ പറഞ്ഞിട്ടുമുണ്ട്. ഇനിയും പ്രതിപക്ഷത്തിരിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്തതിനാൽ മാറ്റം കൂടിയേ തീരൂ. ഇടതു മുന്നണിയിലിരുന്നു തുരുമ്പെടുത്തു പോയ സി.പി.ഐയും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻജിക്ക് കിട്ടിയ രഹസ്യവിവരം. വല്യേട്ടന്റെ ആട്ടും തുപ്പും സഹിച്ച് മുന്നണിയിലെ കൊച്ചേട്ടനായി തുടരുന്നതിലും ഭേദം യു.ഡി.എഫിൽ പോയി ശുദ്ധവായു ശ്വസിച്ച് കാരണവരായി പൂമുഖത്ത് ഉലാത്തുന്നതല്ലേയെന്ന് പക്വമതിയായ ബിനോയ് സഖാവ് പോലും ചിന്തിച്ചു തുടങ്ങിയെന്നാണ് ചാരന്മാർ നൽകുന്ന വിവരം. സി.പി.ഐയും കോൺഗ്രസും തമ്മിൽ പഴയൊരു ബന്ധമുണ്ടുതാനും. എന്തൊക്കെ പറഞ്ഞാലും അത് നല്ലകാലമായിരുന്നു. അതിന്റെ പേരിൽ വലത് കമ്മ്യൂണിസ്റ്റുകൾ എന്ന് വിളിച്ച് വല്യേട്ടനും പിള്ളേരും ഇന്നും ആക്ഷേപിക്കുന്നുണ്ട്. സംഘി കമ്മ്യൂണിസ്റ്റുകൾ, സുഡാപി കമ്മ്യൂണിസ്റ്റുകൾ, ഒറിജിനൽ ചൈനീസ് കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ ഒരുപാട് വകഭേദങ്ങളുള്ളതിനാൽ സി.പി.ഐക്ക് ധൈര്യമായി മുന്നോട്ടുപോകാം. പക്ഷേ ആ ധൈര്യമാണ് ഇല്ലാത്തത്.
വയ്യ, മടുത്തു എന്നു പറയുന്നതല്ലാതെ പിടിതരാത്തതിൽ സതീശൻജിക്ക് കടുത്ത നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. വലിച്ചാൽ വലിയാത്ത ഒരു സംഗതിയുമില്ലെന്ന കേരള കോൺഗ്രസുകാരുടെ ഉപദേശമാണ് ആശ്വാസം.
വെറൈറ്രി
കോമ്പിനേഷൻ
ഇന്നത്തെ സാഹചര്യത്തിൽ സി.പി.ഐയും കോൺഗ്രസും ഒന്നിച്ചാൽ മസാലദോശയും ഉഴുന്നുവടയും പോലെയുള്ള കോമ്പിനേഷനാകും. സാമ്പാറായി ഒപ്പം ചേരാൻ ജോസ്‌മോന്റെ കേരള കോൺഗ്രസുമുണ്ടാവും. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ ജോസ‌്മോന്റെ കൂടെയുണ്ടാവുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. കഷണങ്ങൾ കുറഞ്ഞാലും സാമ്പാറിനൊന്നും സംഭവിക്കാനില്ല.
സഖാവ് എം.വി.രാഘവൻ തുടക്കമിട്ട സി.എം.പിയും സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ആർ.എം.പിയും കമ്മ്യൂണിസ്റ്റ് വീര്യമുള്ള പാർട്ടികളാണെന്നതിൽ തർക്കമില്ലെങ്കിലും സി.പി.ഐ വന്നാൽ കാര്യങ്ങൾ ഗുമ്മാകും. സി.എം.പി നേതാവ് സി.പി.ജോണിനും ആർ.എം.പിയുടെ കെ.കെ.രമയ്ക്കും ഇതിൽ എതിർപ്പില്ലെന്നാണ് സൂചന.
'അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നമ്മുടെ ആശ തീരും" എന്ന പാട്ടുംമൂളി വി.ഡി.സതീശൻജി സി.പി.ഐ തറവാട്ടിന് ചുറ്റും കറങ്ങി നടക്കുന്നതിന് ഫലമുണ്ടാവുമെന്നു തന്നെയാണ് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളുടെയും പ്രതീക്ഷ. സഖ്യത്തിന്റെ പേരിൽ സഖാവ് കുഞ്ഞാലിക്കുട്ടി സാഹിബ് എന്ന് ആരെങ്കിലുമൊക്കെ വിളിച്ചാൽ സന്തോഷമേയുള്ളൂ. എന്നും വിപ്ലവകരമായി ചിന്തിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ് എന്ന് ആർക്കാണ് അറിയാത്തത്. ലീഗുകാർ സി.പി.എമ്മിന്റെ ആൾക്കാരാണെന്ന ധാരണ പല കോൺഗ്രസുകാർക്കും ഉണ്ടായിരുന്നു. അവരെല്ലാം ഇനിയെങ്കിലും മനസിലാക്കുക-ലീഗുകാർ സത്യത്തിന്റെ ഭാഗത്താണ്.
എൽ.ഡി.എഫ് കുടുംബത്തിൽ കാലെടുത്തുവച്ചതു മുതൽ കഷ്ടകാലമാണെന്ന സങ്കടം ജോസ്‌മോനുണ്ട്. 'ഫരണ"ത്തിന്റെ 'ഫാഗ"മാണെങ്കിലും അതിന്റെ ഗുണം ജോസ്‌മോനില്ല. കൂടെയുള്ള ചിലർക്ക് ഉണ്ടുതാനും. സഖാവെന്ന് വിളിപ്പേരുള്ളതിനാൽ പാലായിലെയും കടുത്തുരുത്തിയിലെയും പഴയ കേരള കോൺഗ്രസുകാർക്ക് ജോസ്‌മോനെ കാണുമ്പോൾ മുഖപ്രസാദവുമില്ല. പാർട്ടിനേതാക്കളെ കുടികിടപ്പുകാരായാണ് മൂത്ത സഖാക്കൾ കാണുന്നതെന്ന പരാതി വ്യാപകമാണ്. പൊതുപരിപാടികളിൽ നേതാക്കളെ പരസ്യമായി അപമാനിക്കുന്നു. പാർട്ടിയുടെ പിള്ളേരു സംഘടനയായ കെ.എസ്.സിയുടെ കാര്യവും കഷ്ടമാണ്. കോളേജിൽ കുട്ടിസഖാക്കളുടെ തല്ലുകൊണ്ട് നമ്മുടെ കുട്ടികൾ മടുത്തു. ഖദറിട്ടുനടക്കാൻ പോലും പിള്ളേർക്കു പേടിയാണത്രേ. ഈ സാഹചര്യത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നത് തെറ്റല്ല. സംഘികൾക്ക് ഉൾപ്പെടെ ഒരുപാട് ഇഷ്ടമുള്ള പാർട്ടിയാണ് കേരള കോൺഗ്രസ്. എവിടെച്ചെന്നാലും കസേര ഉറപ്പ്. വേണ്ടരീതിയിൽ പരിഗണിച്ചാൽ ആരുടെ കൂടെയും പോകുന്ന യഥാർത്ഥ സോഷ്യലിസ്റ്റ് പ്രസ്ഥാനമായതിനാൽ ഒന്നും പേടിക്കാനില്ല.
ഭാരതീയ
അന്തർധാരകൾ!
ആർ.എസ്.എസ് നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ കൂടിക്കാഴ്ച നടത്തിയത് രാജ്യദ്രോഹ കുറ്റമായതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ചെറിയൊരു ആവശ്യമേ കോൺഗ്രസുകാർക്കുള്ളൂ. സി.പി.എമ്മും സംഘികളും സഖ്യകക്ഷികളായി കേരളത്തിൽ അടുത്ത ഭരണം പിടിക്കാൻ നീക്കം തുടങ്ങിയതിന്റെ തെളിവാണിത്. സഖാക്കളും സംഘികളും കൂടി കേരളം ഭരിച്ചാൽ എന്താവും കഥയെന്നാണ് പ്രതിപക്ഷനേതാവ് സതീശൻജിയുടെ ചോദ്യം. പല രഹസ്യങ്ങളും തനിക്കറിയാമെന്നും അതുകേട്ടാൽ ചൈനീസ് സഖാക്കൾ വരെ ഞെട്ടുമെന്നും അദ്ദേഹം വെളിപ്പെടുത്തിയെങ്കിലും കാര്യമായ ഞെട്ടലുകൾ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ആർ.എസ്.എസിന്റെ നേതാക്കളുമായി കേന്ദ്രത്തിന്റെ സ്വന്തം ഐ.പി.എസ് ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കിയപ്പോൾ സത്യത്തിൽ ഞെട്ടിയത് കോൺഗ്രസുകാരാണ്. രണ്ട് ഭാരതീയ പൗരന്മാർ കൊച്ചുവർത്തമാനം പറഞ്ഞ് കാലിച്ചായ കുടിച്ചതിന് ഇത്രയും ബഹളമുണ്ടാക്കേണ്ടതില്ല. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷും അതിൽ തെറ്റൊന്നും കാണുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻജി, പാർട്ടി സെക്രട്ടറി ഗോവിന്ദൻജി എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിന്റെ നന്മയ്ക്കായി ആരും പോകാത്ത വഴികളിലൂടെ യാത്രചെയ്യുമ്പോൾ ഞെട്ടലുകൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ.
കാര്യങ്ങളുടെ ഇരിപ്പുവശം ഇങ്ങനെയായതിനാൽ, ബി.ജെ.പി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജൻ സഖാവ് ചർച്ച നടത്തിയതിൽ തെറ്റില്ല. വീട്ടിൽ കയറിവന്ന ജാവഡേക്കറെ കണ്ണൂർ ശൈലിയിൽ സത്ക്കരിച്ചതാണ് കേസായത്. സഖാവ് കുറ്റവിമുക്തനായി കൂടുതൽ കരുത്തോടെ ഇത്തരം കൂടിക്കാഴ്ചകൾ തുടരുമെന്നാണ് അണികളുടെ പ്രതീക്ഷ.
ഇതിനിടെ കോൺഗ്രസിലെ ഒരു എം.പി ബി.ജെ.പിയിലേക്ക് ചാടുമെന്നും റിപ്പോർട്ടുണ്ട്. ആതാരെന്ന ചോദ്യത്തിന് പതിവുപോലെ ഒരു മുഖം സകലരുടെയും മനസിൽ ചന്ദ്രനെപോലെ തെളിയുന്നുണ്ടെങ്കിലും കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ് കാര്യങ്ങളെന്നാണ് സൂചന.
കേരളത്തിൽ മുന്നണിസമവാക്യങ്ങൾ മാറിമറിയുമെന്നു തന്നെയാണ് തലമൂത്ത പല കോൺഗ്രസുകാരുടെയും പ്രതീക്ഷ. ജനാധിപത്യത്തിൽ സ്ഥിരം ശത്രുവോ മിത്രമോ ഇല്ലാത്തതിനാൽ സാദ്ധ്യതകളേറെയാണ്. ഒരു മാറ്റം ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ!.